ന്യൂഡല്‍ഹി: എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനു രാജ്യവ്യാപകമായി ഈ വര്‍ഷം മുതല്‍ ഏകീകൃത പ്രവേശന പരീക്ഷ (നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്- നീറ്റ്) നടത്താന്‍ സുപ്രീം കോടതിയുടെ അനുമതി.
മേയ് ഒന്നു മുതല്‍ രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന സിബിഎസ്ഇയുടെ ആവശ്യമാണു കോടതി അംഗീകരിച്ചത്. ഏകീകൃത പ്രവേശന പരീക്ഷ ഈ വര്‍ഷം നടത്തുന്നതിലുള്ള തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ എതിര്‍പ്പ് അവഗണിച്ചാണ് ഈ ഉത്തരവ്. സംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രത്യേകമായി പ്രവേശനപരീക്ഷ നടത്താന്‍ പാടില്ല. മേയ് ഒന്നിനും ജൂലൈ 24നും നടത്തുന്ന പ്രവേശനപരീക്ഷയുടെ ഫലം ഓഗസ്റ്റ് 17നു പുറപ്പെടുവിക്കണം. മേയ് ഒന്നിനു നടത്തുന്ന ഓള്‍ ഇന്ത്യ പ്രീ മെഡിക്കല്‍ ടെസ്റ്റിന് (എഐപിഎംറ്റി) അപേക്ഷ നല്‍കാനാവാത്തവര്‍ക്ക് ജൂലൈ 24നു നടത്തുന്ന നീറ്റ് പരീക്ഷയ്ക്ക് അവസരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
ഏകീകൃത പ്രവേശന പരീക്ഷ ഈ വര്‍ഷം നടത്തരുതെന്നാവശ്യപ്പെട്ടു രംഗത്തെത്തിയ കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിക്കാന്‍ വൈകിയെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഏകീകൃതപ്രവേശന പരീക്ഷയ്‌ക്കെതിരേ വിവിധ സംസ്ഥാനങ്ങളും മെഡിക്കല്‍ കോളജുകളും നല്‍കിയ ഹര്‍ജികളില്‍ ഇനിയും വാദം തുടരുന്നതായിരിക്കും.
മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനായി ഏകീകൃത പ്രവേശന പരീക്ഷ നടത്താന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് (എംസിഐ) അധികാരമില്ലെന്നും അതു ഭരണഘടനാ വിരുദ്ധമാണെന്നുമുള്ള 2013 ജൂലൈ 18ലെ സുപ്രീം കോടതിയുടെ ഉത്തരവ് ഈ മാസം 11ന് അഞ്ചംഗ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എംസിഐ, സിബിഎസ്ഇ, കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയവര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണു കോടതിയുടെ ഇടക്കാല ഉത്തരവ്. ഏപ്രില്‍ 11 ലെ ഉത്തരവ് പ്രകാരം നീറ്റ് പരീക്ഷ നടത്തുന്നതിനു വിലക്കില്ലെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റീസുമാരായ അനില്‍ ആര്‍. ദവെ, ശിവകീര്‍ത്തി സിംഗ്, എ.കെ. ഗോയല്‍ എന്നിവരുടെ ബെഞ്ച്, പരീക്ഷാ നടപടികളുമായി മുന്നോട്ടു പോകാന്‍ അനുമതി നല്കി.












