തൃശൂര്‍: വി.എസ്. അച്യുതാനന്ദനും വി.എം. സുധീരനും ഈഴവസമുദായത്തിലെ കുലംകുത്തികളാണെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇരുവര്‍ക്കും എസ്എന്‍ഡിപിയെ തകര്‍ക്കുന്ന നയമാണെന്നും അദ്ദേഹം ആരോപിച്ചു. ചാഴൂര്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ എസ്എന്‍ഡിപി യോഗം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൈക്രോ ഫിനാന്‍സ് വായ്പയില്‍നിന്ന് എനിക്കു സാമ്പത്തികമായി യാതൊരു നേട്ടവുമില്ല; ഉണെ്ടന്നു തെളിയിച്ചാല്‍ ഞാന്‍ ആത്മാഹുതിക്കു തയാറാണ്. എന്നാല്‍ അച്യുതാനന്ദന്റെ ആരോപണം കള്ളത്തരമാണെന്നു തെളിഞ്ഞാല്‍ തല മുണ്ഡനം ചെയ്തു കാശിക്കു പോകാന്‍ തയാറാണോയെന്നു വെള്ളാപ്പള്ളി വെല്ലുവിളിച്ചു. അച്യുതാനന്ദന്‍ നുണ പറയുന്നയാളാണ്. അച്യുതാനന്ദന്റെ ശല്യം കാരണം പാലക്കാട് യൂണിയന്‍ ബാങ്കില്‍നിന്ന് വനിതാ അംഗങ്ങള്‍ക്കു വായ്പ കിട്ടാതെയായി. ഈ സ്ത്രീകള്‍ തന്നെ അച്യുതാനന്ദനെ മലമ്പുഴയില്‍ തോല്പിക്കും.
വേലിക്കകത്തു കുടില്‍ കെട്ടി താമസിച്ചിരുന്ന അച്യുതാനന്ദന്‍ ഇപ്പോള്‍ മതില്‍ക്കകത്തു കൊട്ടാരം പണിതു താമസിക്കുകയാണ്. പിന്നെ, തൊട്ടതിനെല്ലാം കേസും. ഇതിനെല്ലാം അച്യുതാനന്ദന് എവിടെനിന്നാണു പണം? അച്യുതാനന്ദന്‍ വല്ല വ്യവസായം നടത്തിയാണോ പണമുണ്ടാക്കുന്നത്. അച്യുതാനന്ദന്‍ ആദ്യം മകന്റെ കേസുകളെക്കുറിച്ചു പറയട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്വന്തം മകന്റെ പേരില്‍ 13 കേസുണ്ട്. അതു പറഞ്ഞിട്ടു പോരേ മറ്റുള്ളവരുടെ കേസുകള്‍ പറയാനെന്ന് അദ്ദേഹം ചോദിച്ചു.
കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ ഒരു ഊളനാണ്. എനിക്കു സ്വന്തമായി ഹെലികോപ്റ്റര്‍ വാങ്ങാന്‍ പണമുണ്ട്. എന്നേക്കാള്‍ കൂടുതല്‍ പണം സുധീരനുണ്ട്. സുധീരന്‍ അതു പുറത്തുപറയില്ല. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ കൂടെ നില്‍ക്കുന്നവരെ സംരക്ഷിക്കാന്‍ ആര്‍ജവം കാണിച്ച നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്നും വെള്ളാപ്പള്ളി പ്രശംസിച്ചു.
കേരളത്തില്‍ ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡും കെപിസിസി ലോ കമാന്‍ഡുമാണ്.എസ്എന്‍ഡിപി നാട്ടിക യൂണിയന്‍ പ്രസിഡന്റ് ടി.കെ. സൂര്യപ്രമുഖന്‍ അധ്യക്ഷതവഹിച്ചു. അസി.സെക്രട്ടറിമാരായ എ.കെ. ബിനു, കെ.വി. സദാനന്ദന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. യൂണിയന്‍ സെക്രട്ടറി അഡ്വ.കെ.സി.സതീന്ദ്രന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പി.ബി. സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.
Discussion about this post