പത്തനംതിട്ട: സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചത് മേയ് 15 വരെ നീട്ടി. സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തണം. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ആറു മുതല്‍ വൈകിട്ട് ഏഴുവരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തണം. രാവിലെയും ഉച്ചയ്ക്ക് ശേഷവുമുള്ള ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം രാവിലെ 11 ന് അവസാനിക്കുകയും വൈകിട്ട് മൂന്നിന് ആരംഭിക്കുകയും ചെയ്യും. 1958 ലെ കേരള മിനിമം വേതന ചട്ടം 24(3) പ്രകാരമുള്ള ഉത്തരവില്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ തൊഴിലിടങ്ങളില്‍ നേരിട്ട് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷണര്‍ കെ.ബിജു നിര്‍ദേശം നല്‍കി.












