തിരുവനന്തപുരം: വൈദ്യുത സുരക്ഷാ വാരാചരണവുമായി ബന്ധപ്പെട്ട് സുരക്ഷയ്ക്ക് ചുവടെയുളള നിര്‍ദ്ദേശങ്ങള്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് വൈദ്യുതി വയറിംഗ് ശരിയായ രീതിയില്‍ പരിപാലിക്കണം. ലൈസന്‍സും വേണ്ടത്ര പ്രായോഗിക പരിജ്ഞാനവും ഉളളവരെക്കൊണ്ടും മാത്രം വയറിംഗിലെ അറ്റകുറ്റപ്പണികള്‍ ചെയ്യിക്കണം. ഐ.എസ്.ഐ മുദ്രയുളളതോ തത്തുല്യമായ നിലവാരമുളളതോ ആയ ഉപകരണങ്ങളും സാമഗ്രികളും മാത്രമേ വയറിംഗിന് ഉപയോഗിക്കാവു. വൈദ്യുത ലൈനിനു സമീപമുളള മരങ്ങളില്‍ നിന്നു ലോഹനിര്‍മ്മിതമായ കമ്പി, പൈപ്പ് മുതലായവ ഉപയോഗിച്ച് കായ്ഫലങ്ങള്‍ പറിക്കരുത്. വൈദ്യുത ലൈനിനു താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു സാധനങ്ങള്‍ കയറ്റുകയോ ഇറക്കുകയോ ചെയ്യരുത്. വീടുകളിലെ എര്‍ത്ത് കമ്പികളില്‍ സ്പര്‍ശിക്കാന്‍ പാടുളളതല്ല. ലൈനിനു അടിയിലോ പരിസരത്തോ കെട്ടിടങ്ങള്‍ പണിയുകയോ മരങ്ങള്‍ വച്ചു പിടിപ്പിക്കുകയോ ചെയ്യരുത്. വയറിംഗിലും വൈദ്യുതി ഉപകരണങ്ങളിലും ഉണ്ടായേക്കാവുന്ന ചോര്‍ച്ച മൂലം ഉളള അപകടം ഒഴിവാക്കാന്‍ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ (ഇ.എല്‍.സി.ബി) മെയില്‍ സ്വിച്ചിനോടനുബന്ധിച്ച് സ്ഥാപിക്കണം. ഷോക്കു മൂലം അപകടം പറ്റിയ വ്യക്തിയെ വൈദ്യുത ബന്ധം വിച്ഛേദിച്ചതിനു ശേഷം മാത്രമേ സ്പര്‍ശിക്കാവു. വൈദ്യുത ആഘാതമേറ്റു നില്‍ക്കുന്ന വ്യക്തിയെ ഉണങ്ങിയ തടിക്കഷണം കൊണ്ടോ വൈദ്യുത വാഹിയല്ലാത്തതും ഈര്‍പ്പരഹിതവുമായ വസ്തു ഉപയോഗിച്ചോ വൈദ്യുത ബന്ധത്തില്‍ നിന്നും വേര്‍പ്പെടുത്തണം. കേബിള്‍ ടി.വി.യുടെ കണക്ടര്‍ ടി.വിയുടെ പുറകു വശത്ത് ഘടിപ്പിക്കുമ്പോള്‍ ലോഹ നിര്‍മ്മിതമായ ഭാഗത്ത് സ്പര്‍ശിക്കരുത്. വൈദ്യുതി വയറിംഗിലോ ഉപകരണങ്ങളിലോ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനു മുന്‍പ് വൈദ്യുതി ബന്ധം വിച്ഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗത്തിനു ശേഷം അവയുടെ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിക്കുകയും സോക്കറ്റില്‍ നിന്നും പ്ലഗ് പിന്‍ ഊരി മാറ്റുകയും ചെയ്യുക. കേടായ വൈദ്യുതി ഉപകരണങ്ങള്‍ ഉടന്‍ തന്നെ നന്നാക്കുകയോ പകരം മറ്റൊന്നു ഉപയോഗിക്കുകയോ ചെയ്യുക. വൈദ്യുതി ലൈനുകള്‍ക്കു താഴെ കെട്ടിടങ്ങള്‍, ഷെഡുകള്‍ മുതലായവ പണിയുന്നതിന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ മുന്‍കൂട്ടിയുളള അനുവാദം വാങ്ങണം. നനഞ്ഞ കൈവിരല്‍ ഉപയോഗിച്ച് സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിക്കരുത്. പൊട്ടിക്കിടക്കുന്ന വൈദ്യുത കമ്പികളില്‍ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുക. അങ്ങനെയുളളവ ശ്രദ്ധയില്‍ പ്പെട്ടാല്‍ ഏറ്റവും അടുത്ത കെ.എസ്.ഇ.ബി ഓഫിസില്‍ വിവരം അറിയിക്കുകയും മറ്റുളളവരെ അതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യുക. കമ്പി വേലികളില്‍ വൈദ്യുതി സപ്ലൈ കൊടുക്കാതിരിക്കുക. കാലാകാലങ്ങളില്‍ വൈദ്യുത ലൈനിനു സമീപമുളള മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന കെ.എസ്.ഇ.ബി അധിക്യതരുമായി സഹകരിക്കുക. പൊതുയോഗങ്ങള്‍ ആഘോഷങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് കമാനങ്ങള്‍ കൊടിതോരണങ്ങള്‍ എന്നിവ വൈദ്യുത പോസ്റ്റുകളിലും ട്രാന്‍സ്‌ഫോമര്‍ സ്ട്രക്ചറിലും കെട്ടരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Discussion about this post