തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യതാപം കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ കോളേജിലെ വിവിധ വകുപ്പുകളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവര്‍ അടങ്ങിയ സംസ്ഥാന തല റാപ്പിഡ് റെസ്‌പോണ്‍സ് ടീം ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സൂര്യതാപം മൂലം വിവിധ ജില്ലകളില്‍ 286 പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി സ്റ്റേറ്റ് എപ്പിഡമിയോളജിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഈ അവസ്ഥ കണക്കിലെടുത്ത് ഇനി പറയുന്ന തീരുമാനങ്ങള്‍ യോഗം കൈക്കൊണ്ടു.
സ്‌കൂളുകള്‍ മെയ് 15 വരെ തുറക്കാതിരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുക. രാവിലെ 11 മണി മുതല്‍ ഉച്ചക്ക് മൂന്നു മണി വരെ വെയിലത്ത് പണിയെടുക്കുന്നത് ഒഴിവാക്കാനുള്ള നിര്‍ദ്ദേശം തൊഴില്‍ ദായകന് നല്‍കുക. ഉപ്പിട്ട കഞ്ഞി വെള്ളം ശുദ്ധമായ കുടിവെള്ളം തുടങ്ങിയവയും വിശ്രമിക്കുന്നതിനുള്ള സ്ഥലവും സൗകര്യവും തൊഴില്‍ സ്ഥലങ്ങളില്‍ ഉറപ്പു വരുത്താന്‍ തൊഴില്‍ വകുപ്പ് തൊഴില്‍ ദായകര്‍ എന്നിവര്‍ ശ്രദ്ധിക്കേണ്ടതാണ്. മദ്യപാനികളില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാകുമെന്നതിനാല്‍ മദ്യപാനം പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്. ചെറുപഴങ്ങള്‍ ഉള്‍പ്പെടെയുള്ള പഴവര്‍ഗ്ഗങ്ങള്‍ ലഘുവായ ആഹാരക്രമം എന്നിവ ശീലിക്കുക. പാടത്ത് പണിയെടുക്കുന്നവര്‍, പാറപൊട്ടിക്കല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ദാഹം തോന്നുന്നില്ലെങ്കില്‍ പോലും ശുദ്ധജലം ധാരാളം കുടിക്കണം. പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവര്‍, 60 വയസില്‍ മുകളില്‍ പ്രായമായവര്‍, നാലു വയസിന്‍ താഴെ പ്രായമുള്ള കുട്ടികള്‍ എന്നിവര്‍ വെയില്‍ കൂടുതലുള്ള സമയങ്ങളില്‍ പുറത്തിറങ്ങാതിരിക്കുക. കൃത്യമായി വെള്ളം കുടിക്കുക. കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ കൃത്യമായും കഴിച്ചിരിക്കണമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു
Discussion about this post