തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു സ്‌കൂളും മധ്യവേനലവധിക്കാലത്ത് പ്രവര്‍ത്തിക്കു ന്നില്ലെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ ഉത്തരവ് അടിയന്തിരമായി പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍ക്കും ഹയര്‍ സെക്കന്ററി ഡയറക്റ്റര്‍ക്കും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഡയറക്റ്റര്‍ക്കും നിര്‍ദ്ദേശം നല്‍കി.
എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉള്‍പ്പെടെയുളള വിദ്യാലയങ്ങള്‍ക്ക് നിര്‍ദ്ദേശം ബാധകമാണ്. എല്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റര്‍മാരും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മേഖലാ ഡെപ്യൂട്ടി ഡയറക്റ്റര്‍മാര്‍ എന്നിവരും ഇക്കാര്യം വ്യക്തിപരമായി ഉറപ്പുവരുത്തണമെന്നും മധ്യവേനലവധിക്കുശേഷം സാധാരണ തുറക്കുന്ന സമയത്തിനുമുന്‍പായി ഒരുതരത്തിലുളള ക്ലാസ്സുകളും സ്‌കൂളുകളില്‍ നടത്തരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിര്‍ദ്ദേശം ലംഘിക്കപ്പെടുന്നതുമൂലം കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് മാനേജ്‌മെന്റ് ഉള്‍പ്പെടെയുളള സ്‌കൂള്‍ അധികൃതര്‍ ഉത്തരവാദികളായിരിക്കുമെന്നും കൂടാതെ വിദ്യാഭ്യാസവകുപ്പ് സ്വീകരിക്കുന്ന നിയമനടപടികള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്നും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാ കോശി, അംഗം കെ. നസീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഇക്കാര്യത്തില്‍ പുറപ്പെടുവിക്കുന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്റ്ററും ഹയര്‍ സെക്കന്ററി ഡയറക്റ്ററും സി.ബി.എസ്.ഇ റീജിയണല്‍ ഓഫീസര്‍ക്കും ഐ.സി.എസ്.ഇ സ്ഥാപനങ്ങള്‍ക്കും മേല്‍നടപടിക്കായി അയച്ചുകൊടുക്കണം. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ മെയ് ഒന്‍പതിന് കമ്മീഷനെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു.
Discussion about this post