പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകം ആസൂത്രിതമെന്ന് എഡിജിപി പത്മകുമാര്‍ വ്യക്തമാക്കി. പ്രതിയെ ഉടന്‍ പിടികൂടാമെന്നാണ് പ്രതീക്ഷ. കസ്റ്റഡിയിലുള്ളവരുടെ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ട്. ഇതുവരെ ഇരുന്നൂറോളം പേരെ ചോദ്യം ചെയ്തുകഴിഞ്ഞു. അതേസമയം ജിഷയുടെ കൊലപാതകക്കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഈ ഘട്ടത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് ഈ മാസം 30ന് കോടതി വീണ്ടും പരിഗണിക്കും. സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയിലാണ് ഉത്തരവ്. അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ രണ്ടാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ട്.
ജിഷയുടെ കൊലപാതകം നടന്നത് ഏതാണ്ട് ആറുമണിയോട് അടുപ്പിച്ചാണെന്ന് പൊലീസ് വ്യക്തമാക്കി. ഘാതകനെന്ന് സംശയിക്കുന്ന ആള്‍ കനാല്‍ വഴി പോയത് 6.05നാണ്. പരിസരവാസികളായി മൂന്നു സ്ത്രീകളാണ് മൊഴി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത് അഞ്ചുപേര്‍ മാത്രമാണ്. 12 പേരായിരുന്നു നേരത്തെ കസ്റ്റഡിയിലുണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്യാമറകളും പൊലീസ് പരിശോധിക്കുകയാണ്. കൊലപാതകം നടന്ന ദിവസം ഇവിടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
Discussion about this post