തിരുവനന്തപുരം: ലൈംഗിക കുറ്റകൃതൃങ്ങള്‍ക്കിരയാകുന്ന 18 വയസ്സില്‍ താഴെയുളള പെണ്‍കുട്ടികള്‍ പ്രസവം, ഗര്‍ഭച്ഛിദ്രം എന്നിവയ്ക്കും വൈദ്യപരിശോധനയ്ക്കുമായി സര്‍ക്കാര് ആശുപത്രികളെ സമീപിക്കുമ്പോള്‍ ഡോക്റ്റര്‍മാര്‍ ഉള്‍പ്പെടെയുളള ജീവനക്കാരില്‍നിന്ന് മോശമായ പെരുമാറ്റം ഉണ്ടാകരുതെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലെയും സൂപ്രണ്ടുമാര്‍ക്ക് സര്‍ക്കുലര്‍ നല്‍കാന്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ശോഭാ കോശി, അംഗം ശ്രീമതി മീന സി.യു. എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആരോഗ്യവകുപ്പ് ഡയറക്റ്ററോട് ആവശ്യപ്പെട്ടു.
ഇത്തരം കുട്ടികള്‍ക്ക് വൈദ്യപരിശോധനാസമയത്ത് പ്രത്യേകശ്രദ്ധയും പരിചരണവും നല്‍കുകയും അവരുടെ സ്വകാര്യത കാത്തുസൂക്ഷിക്കുകയും വേണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഡോക്റ്റര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുളള സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍ക്ക് ബാലാവകാശം, സാമൂഹിക ഉത്തരവാദിത്തങ്ങള്‍, മൗലികാവകാശങ്ങള്‍, ഫാമിലി-ചൈല്‍ഡ്-അഡോളസെന്റ് കൗണ്‍സലിങ് എന്നിവയില്‍ തുടര്‍പരിശീലനം നല്‍കണമെന്നും കമ്മീഷന്‍ ആരോഗ്യവകുപ്പ് ഡയറക്റ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയോട് ആശുപത്രി ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് കേരള മഹിളാ സമഖ്യ സൊസൈറ്റി സ്റ്റേറ്റ് പ്രോജക്റ്റ് ഡയറക്റ്റര്‍ പി.ഇ.ഉഷ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നിര്‍ദ്ദേശം.
Discussion about this post