ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസയോഗ്യതകളുടെ പേരില്‍ തെറ്റായ ആരോപണം ഉന്നയിച്ച് ആംആദ്മി പാര്‍ട്ടി രാജ്യത്തെ അപമാനിച്ചെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വാര്‍ത്തസമ്മേളത്തില്‍ അമിത് ഷായും കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു. മോദി ഡല്‍ഹി സര്‍വകലാശാലയില്‍നിന്നു ബിഎ ബിരുദമെടുത്തിട്ടില്ലെന്ന് കേജരിവാള്‍ ആവര്‍ത്തിച്ച് ആരോപിക്കുന്നതിനിടെയാണ് മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്യപ്പെടുത്തി ബിജെപി നേതാക്കള്‍ തന്നെ രംഗത്തെത്തിയത്.
മോദിയുടെ വിദ്യഭ്യാസ യോഗ്യതകളെക്കുറിച്ചുള്ള സത്യാവസ്ഥ പുറത്തുവന്ന സാഹചര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ മാപ്പു പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. അനാവശ്യമായ ആരോപണത്തിലൂടെ മോദിയെ മാത്രമല്ല, രാജ്യത്തെ തന്നെ ലോകത്തിന് കേജരിവാള്‍ നാണംകെടുത്തിയതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്ന സാഹചര്യത്തില്‍, 62.3 ശതമാനം മാര്‍ക്കോടെ എംഎ പാസായിട്ടുണെ്ടന്നു ഗുജറാത്ത് സര്‍വകലാശാല വെളിപ്പെടുത്തിയിരുന്നു. കേജരിവാളിന്റെ ആവശ്യപ്രകാരം കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ നിര്‍ദേശിച്ചത് അനുസരിച്ചായിരുന്നു നടപടി. എന്നാല്‍ മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട രേഖകള്‍ വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തണമെന്നും ഡല്‍ഹി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് കേജരിവാള്‍ കത്തയച്ചിരുന്നു. പക്ഷേ വിദ്യാഭ്യാസ രേഖകള്‍ ഡല്‍ഹി സര്‍വകലാശാല പുറത്തുവിട്ടിരുന്നില്ല.
മോദി ഡല്‍ഹി സര്‍വകലാശാലയില്‍നിന്നു ബിഎ ബിരുദമെടുത്തിട്ടില്ലെന്നും പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ ചിത്രം കൃത്രിമമായി സൃഷ്ടിച്ചതാണെന്നുമായിരുന്നു കേജരിവാളിന്റെ ആരോപണം.
Discussion about this post