പത്തനംതിട്ട: തിരുവല്ല റവന്യു ഡിവിഷന്‍ പരിധിയില്‍ അനധികൃതമായി നിലം നികത്തുന്നതും മണ്ണ് കടത്തിക്കൊണ്ടു പോകുന്നതും തടയുന്നതിന് സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടപടി സ്വീകരിച്ചു.
കുറ്റൂര്‍ വില്ലേജില്‍ അനധികൃതമായി നിക്ഷേപിച്ചിരുന്ന മണ്ണ് സബ് കളക്ടറുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു. നീക്കം ചെയ്ത മണ്ണ് റോയല്‍റ്റി ഒടുക്കി കെഎസ്ടിപിയുമായി ബന്ധപ്പെട്ട റോഡ് പണികള്‍ക്കായി കൊണ്ടുപോയി. കഴിഞ്ഞ ദിവസം തിരുവല്ല മുത്തൂരിലെ സ്വകാര്യ സ്‌കൂളിനോടു ചേര്‍ന്ന് അനധികൃത നിലം നികത്തലിന് ഉപയോഗിച്ചിരുന്ന ഒരു ജെസിബിയും ടിപ്പര്‍ ലോറിയും റവന്യു ഡിവിഷണല്‍ ഓഫീസിലെ സ്‌ക്വാഡ് കസ്റ്റഡിയില്‍ എടുക്കുകയും പോലീസിന് കൈമാറുകയും ചെയ്തിരുന്നു. അനധികൃതമായി നിക്ഷേപിച്ച മണ്ണ് സ്‌കൂള്‍ അധികൃതര്‍ സബ് കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്വന്തം ചെലവില്‍ നീക്കം ചെയ്തു.
കെഎസ്ടിപി റോഡ് നിര്‍മാണത്തിന്റെ മറവില്‍ മാവേലിക്കര സ്വദേശിയുടെ പേരിലുള്ള സ്ഥലത്ത് അനധികൃത നിലം നികത്തലില്‍ ഏര്‍പ്പെട്ടിരുന്ന ടിപ്പര്‍ ലോറി തിരുവല്ല സബ് കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ കസ്റ്റഡിയിലെടുക്കുകയും പോലീസിന് കൈമാറുകയും ചെയ്തിരുന്നു. സബ്കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഈ സ്ഥലത്ത് നിക്ഷേപിച്ചിരുന്ന എണ്ണയും ടാറും കലര്‍ന്ന മണ്ണ് നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ടവര്‍ സ്വമേധയാ നടപടി തുടങ്ങി. അനധികൃത നിലംനികത്തും മണ്ണ് കടത്തും തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് സബ് കളക്ടര്‍ അറിയിച്ചു. നിലം നികത്തുന്ന സ്ഥലം ഉടമകള്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടികളും നിലം പൂര്‍വസ്ഥിതിയിലാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. അനധികൃത നിലം നികത്തലില്‍ ഏര്‍പ്പെടുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുന്നതിന് നടപടി സ്വീകരിക്കുമെന്നും സബ് കളക്ടര്‍ അറിയിച്ചു. അനുമതിയില്ലാതെ പച്ചമണ്ണ് നീക്കുന്ന വസ്തു ഉടമകള്‍ക്കും വാഹനങ്ങള്‍ക്കും ഏതിരെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് ആക്ട്, കെ.എം.എം.സി റൂള്‍സ് പ്രകാരം നടപടിയെടുക്കും. തിരഞ്ഞെടുപ്പ് കാലത്ത് അനധികൃത നിലം നികത്ത്, മണ്ണ് കടത്ത് തടയുന്നതിന് കര്‍ശന നിരീക്ഷണം നടത്തണമെന്ന് എല്ലാ തഹസീല്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും സബ് കളക്ടര്‍ നിര്‍ദേശം നല്‍കി.
അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് റവന്യു ഡിവിഷണല്‍ ഓഫീസില്‍ സൂപ്രണ്ട് ജി. ഉഷാകുമാരി, ജൂനിയര്‍ സൂപ്രണ്ട് കെ.എം. മുരളീധരന്‍ പിള്ള എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടന്നുവരുന്നു
Discussion about this post