കോട്ടയം: രാഷ്ട്രീയ ശത്രുക്കളെ ഞെട്ടിച്ചുകൊണ്ട് പി.സി.ജോര്‍ജ് പൂഞ്ഞാറില്‍ വിജയിച്ചു. ജോര്‍ജിനെ തോല്‍പ്പിക്കാന്‍ ഇടതു-വലതു നേതൃത്വം നേരിട്ട് നല്‍കിയ നിര്‍ദേശങ്ങളൊന്നും ഫലിച്ചില്ല. വലതു-ഇടതു മുന്നണികളില്‍ ഇടം കിട്ടാതെ പക്ക സ്വതന്ത്രനായി ജനമധ്യത്തിലിറങ്ങിയ ജോര്‍ജിന് പൂഞ്ഞാറിലെ എട്ടു പഞ്ചായത്തുകളിലും ഈരാറ്റുപേട്ട നഗരസഭയിലും ലീഡ് ലഭിച്ചു. പൂഞ്ഞാര്‍ മുതല്‍ പമ്പാവാലി വരെ വിസ്തൃതമായ മണ്ഡലത്തില്‍ എല്ലാ വിഭാഗക്കാരുടെയും സമുദായങ്ങളുടെയും പിന്തുണ നേടിക്കൊണ്ടാണ് വിജയം ഉറക്കാക്കിയത്. ആരു ജയിച്ചാലും പൂഞ്ഞാറില്‍ നേരിയ ഭൂരിപക്ഷം എന്ന നിഗമനങ്ങളെ പിന്‍തള്ളി അവിശ്വസനീയമായ നേട്ടമാണ് ജോര്‍ജ് ഉറപ്പാക്കിയത്.
ഓരോ ബൂത്തിലെയും വോട്ടുനിലയും നീക്കവും കൃത്യമായി വിലയിരുത്തി താന്‍ ഇരുപതിനായിരത്തില്‍പ്പരം വോട്ടിന് ജയിക്കുമെന്ന് ജോര്‍ജ് ഇലക്ഷനു പിന്നാലെ പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാന രാഷ്ട്രീയത്തില്‍ എന്തിനും ഏതിനും പ്രതികരിക്കുന്ന ജോര്‍ജ് നാടിന് അനിവാര്യമായ ഘടകമാണെന്ന തിരിച്ചറിവിലാണ് പൂഞ്ഞാറില്‍ ജനം ഇങ്ങനെ വിധിയെഴുതിയത്. യുഡിഎഫിലും എല്‍ഡിഎഫിലും നിന്ന് ജോര്‍ജിന് വോട്ടു ലഭിച്ചു എന്നതും ശ്രദ്ധേയം. പൂഞ്ഞാറില്‍ ജോര്‍ജിന് ഇത് എട്ടാമത്തെ മത്സരമായിരുന്നു. ആറ് ജയത്തോടെ ജോര്‍ജ് പൂഞ്ഞാറില്‍ രാഷ്ട്രീയ റിക്കാര്‍ഡ് സ്വന്തമാക്കുകയും ചെയ്തു.
Discussion about this post