തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും സഹകരണ സംഘങ്ങളിലേക്കുള്ള റിക്കവറിക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് സഹകരണ സംഘത്തില്‍ നിന്നുള്ള ഓണ്‍ലൈന്‍ കത്തിന്റെ അടിസ്ഥാനത്തില്‍ ഡി.ഡി. ഒ മാര്‍ ജീവനക്കാരന്റെ ശന്വളത്തില്‍ നിന്നും തുക റിക്കവറി ചെയ്ത് സഹകരണ സംഘത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. ഇതിനായി സഹകരണ സംഘങ്ങള്‍ റിക്കവറി ചെയ്യുന്നതിന് മുമ്പായി സ്പാര്‍ക്ക് പി. എം. യു പ്രോജക്ട് മാനേജര്‍ക്ക് ലെറ്റര്‍പാഡില്‍ സംഘത്തിന്റെ പേര്, രജിസ്റ്റര്‍ നമ്പര്‍ വിലാസം, ടെലിഫോണ്‍ നമ്പര്‍, ഇ മെയില്‍, ബാങ്ക് അക്കൗണ്ട് എന്നീ വിശദാംശം അടങ്ങിയ കത്തു നല്‍കണം. കത്തു കിട്ടുന്ന മുറക്ക് പ്രോജക്ട് മാനേജര്‍ സഹകരണ സംഘത്തിന് യൂസര്‍ ഐഡിയും പാസ് വേര്‍ഡും ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങളും നല്‍കും. തുടര്‍ന്ന് സഹകരണ സംഘത്തിലെ നിയുക്ത ഉദ്യോഗസ്ഥന്‍ റിക്കവറി ചെയ്യുന്നതിനുള്ള കത്ത് ഡി. ഡി. ഒക്ക് നല്‍കണം. ഡി. ഡി. ഒ നല്‍കിയിട്ടുള്ള റിക്കവറി അണ്ടര്‍ടേക്കിംഗും ബാങ്കിന്റെ വിശദാംശങ്ങളും കത്തിനോടൊപ്പം നല്‍കണം. ജൂണില്‍ പുതിയ സംവിധാനം നിലവില്‍ വരും. തുടര്‍ന്ന് ഓണ്‍ലൈനില്‍ നല്‍കുന്ന അഭ്യര്‍ത്ഥനകള്‍ മാത്രമേ പരിഗണിക്കു. നിലവിലുള്ള റിക്കവറി സംവിധാനം ആഗസ്റ്റ് വരെ തുടരുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post