തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രാഥമിക വിദ്യാഭ്യാസം തുടരുന്നതിനും പൂര്‍ത്തീകരിക്കുന്നതിനും തടസ്സമാകുന്ന തരത്തിലുളള ഫീസോ ചാര്‍ജ്ജുകളോ ചെലവുകളോ കുട്ടികളില്‍നിന്ന് ഈടാക്കരുതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ഇക്കാര്യം വ്യക്തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍ നിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ അംഗങ്ങളായ ശ്രീ കെ.നസീര്‍, ഫാദര്‍ ഫിലിപ്പ് പരക്കാട്ട് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഒരു സ്‌കൂളില്‍ അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിലെ കുട്ടികളില്‍നിന്ന് പണം പിരിക്കുന്നതായും പി.റ്റി.എ ഫണ്ട് നല്‍കാത്ത കുട്ടിയെ മര്‍ദ്ദിച്ചെന്നും കാട്ടി ലഭിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്.
ഒന്‍പത്, പത്ത് ക്ലാസ്സുകളിലെ കുട്ടികളില്‍നിന്ന് പൊതുവിദ്യാഭ്യാസവകുപ്പിന്റെ അനുവാദമില്ലാതെ യാതൊരുവിധ ഫീസോ ചെലവുകളോ പിരിക്കാന്‍ പാടില്ലെന്നും യാതൊരു നിര്‍ബന്ധിത പിരിവും അനുവദിക്കരുതെന്നും പിരിവ് നല്‍കാത്തതിന്റെ പേരിലോ മറ്റോ കുട്ടികളോട് യാതൊരു വിവേചനവും കാണിക്കരുതെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ 40 ദിവസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Discussion about this post