ന്യൂഡല്‍ഹി: ഡിജിപിയായിരുന്ന ടി.പി.സെന്‍കുമാര്‍ വളരെ സമര്‍ത്ഥനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും മുഖം നോക്കാതെ നീതി ചെയ്തിരുന്ന ആളായിരുന്നു എന്നാണ് തന്റെ അനുഭവമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥരെ മാറ്റാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. ഇക്കാര്യത്തെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഡിജിപിയെ യുഡിഎഫ് സര്‍ക്കാര്‍ മാറ്റിയില്ല. ജേക്കബ് പുന്നൂസിന് കാലാവധി പൂര്‍ത്തിയാകും വരെ പോലീസ് മേധാവി സ്ഥാനത്ത് തുടരാന്‍ അനുവാദം നല്‍കിയ കാര്യം ഓര്‍മിപ്പിച്ച് ചെന്നിത്തല പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റ കനത്ത തിരിച്ചടിയെക്കുറിച്ച് ജൂണ്‍ നാല്, അഞ്ച് തീയതികളില്‍ ചേരുന്ന കെപിസിസി നേതൃയോഗം ചര്‍ച്ച ചെയ്യും. തോല്‍വിയെക്കുറിച്ച് പഠിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തി കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Discussion about this post