കൊച്ചി: മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞത്തിലൂടെ എറണാകുളം ജില്ലയെ പകര്‍ച്ചവ്യാധികളില്‍ നിന്നു രക്ഷിക്കുന്നതിനായുള്ള ആലോചനയോഗത്തില്‍ നിയുക്ത എംഎല്‍എമാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവരുടെ വലിയ പങ്കാളിത്തമാണ് യോഗത്തിലുണ്ടായിരുന്നത്. ഇക്കുറി സാംക്രമിക രോഗങ്ങള്‍ പടരുന്നതു മുന്‍കൂട്ടികണ്ട് അതു തടയാന്‍ താഴേത്തട്ടില്‍ നിന്നുള്ള നടപടികളും സംവിധാനങ്ങളുമാണു വേണ്ടതെന്ന് മന്ത്രി ജയരാജന്‍ പറഞ്ഞു.
മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിന് ജനങ്ങളും ജനപ്രതിനിധികളും ഉള്‍പ്പെടെ സമൂഹം ഒന്നിച്ചു രംഗത്തിറങ്ങി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഫലപ്രാപ്തി സാധ്യമാകൂയെന്ന് പൊതുയോഗത്തിനു മുമ്പ് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു. പൊതുവഴിയിടങ്ങളിലും മറ്റും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതിനും രാത്രികാല പട്രോളിംഗ് ശക്തമാക്കുന്നതിനും പൊലീസിന് നിര്‍ദേശം നല്‍കി. വാര്‍ഡ്തലത്തില്‍ നിന്ന് മുകളിലേക്കുള്ള കമ്മിറ്റി സംവിധാനം രൂപീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കണം.
ജൂണ്‍ ഒന്നിന് പഞ്ചായത്ത്, കോര്‍പറേഷന്‍തല കമ്മിറ്റികളും രണ്ടിനകം വാര്‍ഡുതല കമ്മിറ്റികളും രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും രൂപം നല്‍കണം. അഞ്ചാംതീയതി രാവിലെ ഒമ്പതിന് ജനങ്ങളൊന്നാകെ രംഗത്തിറങ്ങി ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകുന്നതിന് വഴിയൊരുക്കണം. മഴക്കാലത്തുണ്ടാകുന്ന ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വില്ലേജ് തലം മുതല്‍ മോണിട്ടറിംഗ് സംവിധാനങ്ങള്‍ രൂപീകരിക്കണം. പ്രശ്‌നബാധിത സ്ഥലങ്ങളില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് അഭയകേന്ദ്രങ്ങള്‍ ഇപ്പോഴേ തിട്ടപ്പെടുത്തിയിരിക്കണം.
കളക്ടറേറ്റിലും താലൂക്ക് തലത്തിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ക്കു രൂപം നല്‍കിയതായി എഡിഎം അറിയിച്ചു. ദുരന്തബാധിതര്‍ക്ക് 24 മണിക്കൂറിനകം സഹായം ലഭ്യമാക്കിയിരിക്കണമെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. വൈദ്യുതി, വെള്ളം എന്നിവ കെഎസ്ഇബിയും വാട്ടര്‍ അതോറിട്ടിയും ചേര്‍ന്ന് ഉറപ്പു വരുത്തിയിരിക്കണം.
ജില്ലയിലെ 42 കിലോമീറ്റര്‍ വരുന്ന തീരദേശത്ത് കടലാക്രമണം പലപ്പോഴും രൂക്ഷമാണെന്നും പലയിടങ്ങളിലും കടല്‍ഭിത്തികള്‍ തകര്‍ന്നിരിക്കുകയാണെന്നും എഡിഎം മന്ത്രിയെ അറിയിച്ചു. ജില്ലാ ഡിസാസ്റ്റര്‍മാനേജ്‌മെന്റ് അംഗങ്ങള്‍ പള്ളുരുത്തി, ചെല്ലാനം, ഫോര്‍ട്ട്‌കൊച്ചി തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ കാര്യം എഡിഎം മന്ത്രിയെ അറിയിച്ചു. കടലാക്രമണം സംബന്ധിച്ചു റിപ്പോര്‍ട്ട് തയാറാക്കി നല്‍കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. തീരദേശത്ത് ഉണ്ടാകാവുന്ന ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കണം. വീട് നഷ്ടപ്പെട്ട് ഒരുകുടുംബം പോലും അനാഥമാകുന്നതിന് സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.
Discussion about this post