കോഴിക്കോട്: കോര്‍പറേഷന്റെ പുതിയ മേയറായി ഇടതു മുന്നണിയിലെ തോട്ടത്തില്‍ രവീന്ദ്രന്‍ അധികാരമേറ്റു. കൗണ്‍സില്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 46 വോട്ടുകള്‍ സ്വന്തമാക്കിയാണ് തോട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്. അഡ്വ. പി.എം. സുരേഷ് ബാബുവായിരുന്നു യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി. ഇദ്ദേഹത്തിനു 19 വോട്ടുകള്‍ ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന എന്‍. സതീഷ്‌കുമാര്‍ ആറു വോട്ടുകള്‍ നേടി. തെരഞ്ഞെടുപ്പു നടപടികള്‍ക്കു ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് നേതൃത്വം നല്‍കി. തുടര്‍ന്ന് പുതിയ മേയര്‍ ചുമതലയേറ്റു. ഇതു രണ്ടാം തവണയാണ് തോട്ടത്തില്‍ കോഴിക്കോടിന്റെ നഗരപിതാവാകുന്നത്.
2000 ഒക്ടോബര്‍ അഞ്ച് മുതല്‍ 2005 സെപ്റ്റംബര്‍ 30 വരെയായിരുന്നു ഇദ്ദേഹം മേയര്‍ സ്ഥാനം വഹിച്ചിരുന്നത്. നേരത്തെ ഡെപ്യൂട്ടി മേയര്‍ സ്ഥാനവും വഹിച്ചിരുന്നു. ഇത്തവണ ചക്കോരത്തുകുളം വാര്‍ഡില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഇടക്കാലത്ത് (1998 ഏപ്രില്‍ 21 മുതല്‍ മേയ് 28വരെ) മേയര്‍ ഇന്‍ചാര്‍ജായും പ്രവര്‍ത്തിച്ചു.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാനായ തോട്ടത്തില്‍ രവീന്ദ്രന്‍ നഗരത്തിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ നിറ സാന്നിധ്യമാണ്. അരീക്കാട് വാര്‍ഡിനെ പ്രതിനിധീകരിച്ചിരുന്ന വി.കെ.സി. മമ്മദ്‌കോയ ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ മേയറെ തെരഞ്ഞെടുത്തത്.
Discussion about this post