ന്യൂഡല്‍ഹി: അതിരപ്പിള്ളി പദ്ധതിക്കെതിരെ ശക്തമായ നിലപാട് ബിജെപി തുടരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ അതിനെ എതിര്‍ക്കും. പ്രകൃതിയുടേയും വനവാസികളുടേയും താല്‍പ്പര്യങ്ങള്‍ സംരക്ഷികൊണ്ടുള്ള നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേത്. പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക പഠനം കേന്ദ്ര സര്‍ക്കാര്‍ നടത്തേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരാണ് ഇനി നിലപാട് വ്യക്തമാക്കേണ്ടത്; അവിടെ ഭരണമുന്നണിയില്‍ വലിയ ഭിന്നതയാണുള്ളത്. ഇക്കാര്യത്തില്‍ കേരള ജനതയുടെ നിലപാടിനൊപ്പം നില്‍ക്കുമെന്ന് കേന്ദ്രവനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ഉറപ്പ് നല്‍കി. പശ്ചിമഘട്ട സംരക്ഷണത്തിന് ദേശീയ നയം കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുന്നുവെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ശബരിമലയിലെ വികസനത്തിന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം എല്ലാ അനുകൂല നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കുന്നാര്‍ ഡാമിന്റെ ഉയരം മൂന്നുമീറ്ററായി ഉയര്‍ത്താനുള്ള അപേക്ഷ ലഭിച്ചാലുടന്‍ അനുമതി നല്‍കും. ശബരിമലയിലെ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്ന പദ്ധതിയാണിത്. ക്യൂ കോംപ്ലക്‌സുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതിയും കേന്ദ്രത്തില്‍ നിന്നും വൈകില്ല. ശബരിമലയില്‍ അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ കടമയാണെന്നും പ്രകാശ് ജാവദേക്കര്‍ കുമ്മനം രാജശേഖരനെ അറിയിച്ചു.
കേരളത്തിന്റെ വികസനത്തിന് സമഗ്ര കര്‍മ്മ പദ്ധതി തയ്യാറാക്കാനാണ് ബിജെപിയുടെ തീരുമാനം. വിവിധ മേഖലകളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ കേന്ദ്രമന്ത്രാലയങ്ങളും സംസ്ഥാന ബിജെപി ഘടകത്തിന് സമ്പൂര്‍ണ്ണ പിന്തുണ നല്‍കിയതായും കുമ്മനം പറഞ്ഞു.
കേരളത്തിലെ കാര്‍ഷികനാണ്യ വിളകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി കേന്ദ്ര വാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആഗസ്തില്‍ കേരളത്തിലെത്തും. കോട്ടയം, ഇടുക്കി, കൊല്ലം, വയനാട് ജില്ലകളില്‍ കര്‍ഷകര്‍, വ്യവസായികള്‍, ഉത്പാദകര്‍ എന്നിവരുടെ യോഗം വിളിച്ച് അഭിപ്രായങ്ങള്‍ ശേഖരിക്കും. ഈ യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ റബര്‍ നയം പ്രഖ്യാപിക്കുമെന്നും റബര്‍ ഇറക്കുമതി രണ്ടു തുറമുഖം വഴിയാക്കിയതും ഇറക്കുമതിച്ചുങ്കം 25 ശതമാനമായി ഉയര്‍ത്തിയതും വഴി 60 രൂപയില്‍ നിന്നും റബര്‍ വില 130 വരെ ഉയര്‍ന്നതായും കുമ്മനം വ്യക്തമാക്കി.
സംസ്ഥാനത്തെ പൈതൃക പദ്ധതികളുടെ സംരക്ഷണത്തിന് കര്‍മ്മ പദ്ധതി രൂപം കൊടുക്കും. ആറന്മുള വള്ളംകളിക്കെത്തിയ കേന്ദ്രസാംസ്‌ക്കാരിക മന്ത്രി നല്‍കിയ ഉറപ്പുകള്‍ നാലു മാസത്തിനകം യാഥാര്‍ത്ഥ്യമാകും. ആറന്മുള പൈതൃക ഗ്രാമമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രപുരാവസ്ഥവകുപ്പ് ഉടന്‍ സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേന്ദ്രസാംസ്‌ക്കാരിക മന്ത്രാലയത്തിന്റെ സംഘവും ആറന്മുള സന്ദര്‍ശിക്കും.
Discussion about this post