തിരുവനന്തപുരം: സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി രാജ്യത്താകമാനമുള്ള സര്‍ക്കാര്‍ ഓഫീസുകളിലും കെട്ടിടങ്ങളിലും എല്ലാ വകുപ്പ് മേധാവികളും ജില്ലാ കളക്ടര്‍മാരും പൊതുമേഖലാ/സ്വയംഭരണ സ്ഥാപന മേധാവികളും അതത് ഓഫീസുകളില്‍ ജൂണ്‍ 13 തിങ്കളാഴ്ച മുതലുള്ള രണ്ടാഴ്ചക്കാലം ശുചീകരണയജ്ഞം സംഘടിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച് പൊതുഭരണ വകുപ്പ് പരിപത്രം പുറപ്പെടുവിച്ചു.
ഇതിന്റെ ഭാഗമായി ജൂണ്‍ 13 ന് രാവിലെ 9.45 ന് സ്വച്ഛതാ പ്രതിജ്ഞയെടുക്കും. സര്‍ക്കാര്‍ ഓഫീസുകളിലെ വേസ്റ്റ് മാനേജ്‌മെന്റ് ഉറപ്പുവരുത്തുന്നതിനായി വേസ്റ്റ് റീസൈക്ലിംഗ് സംവിധാനം ഉള്‍പ്പെടെയുള്ളവ നടപ്പാക്കണമെന്നും ഇത് സംബന്ധിച്ച മിനിസ്ട്രി ഓഫ് അര്‍ബന്‍ ഡവലപ്‌മെന്റ് സെക്രട്ടറിയുടെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച പരിപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പരിസരപ്രദേശങ്ങളും ഓഫീസുകളുടെ റൂഫ് ടോപ്പുകളും വൃത്തിയാക്കണമെന്നും ഓഫീസ് പരിസരത്തെ ഉപയോഗമില്ലാത്ത എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യണമെന്നും സാനിട്ടറി സൗകര്യങ്ങള്‍ ഉപയോഗയോഗ്യമാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശുചീകരണയജ്ഞം സംഘടിപ്പിക്കുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയേഴ്‌സ് www.swachhbharaturban.gov.in ല്‍ ലഭിക്കും. ശുചീകരണ യജ്ഞദിനങ്ങളിലെ ചിത്രങ്ങള്‍ www.swachhbharat.mygov.in എന്ന സൈറ്റില്‍ അതത് വകുപ്പുകള്‍ തന്നെ അപ്‌ലോഡ് ചെയ്യേണ്ടതും ശുചീകരണ യജ്ഞവുമായി ബന്ധപ്പെട്ട പ്രസ് കട്ടിംഗുകളും ടി.വി, വീഡിയോ ക്ലിപ്പിംഗുകളും [email protected] എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യേണ്ടതുമാണെന്ന് പരിപത്രത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതിജ്ഞയുടെ പൂര്‍ണരൂപം.
മഹാത്മാഗാന്ധി സ്വപ്നംകണ്ട ഭാരതത്തില്‍ ദേശീയ സ്വാതന്ത്ര്യം മാത്രമായിരുന്നില്ല, ശുചിത്വബോധമുള്ളതും വികസിതവുമായ ഒരു രാഷ്ട്രം എന്ന സങ്കല്പവും കൂടി ഉണ്ടായിരുന്നു. മഹാത്മാഗാന്ധി അടിമത്തത്തിന്റെ ചങ്ങലപൊട്ടിച്ച് ഭാരത മാതാവിനെ സ്വതന്ത്രമാക്കി. ഇനി നമ്മുടെ കര്‍ത്തവ്യം മാലിന്യനിര്‍മ്മാര്‍ജ്ജനത്തിലൂടെ ഭാരത മാതാവിനെ സേവിക്കുക എന്നതാണ്. ശുചിത്വം പാലിക്കാന്‍ ജാഗ്രത പുലര്‍ത്തുകയും അതിനുവേണ്ടി സമയം വിനിയോഗിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. വര്‍ഷത്തില്‍ നൂറു മണിക്കൂര്‍ അതായത് ആഴ്ചയില്‍ രണ്ടു മണിക്കൂര്‍ എന്ന തോതില്‍ ശ്രമദാനത്തിലൂടെ ശുചിത്വം എന്ന ആശയം ഞാന്‍ സാര്‍ത്ഥകമാക്കും. ഞാന്‍ മാലിന്യത്തിന് കാരണക്കാരനാകുകയോ മറ്റുള്ളവരെ അതിന് അനുവദിക്കുകയോ ചെയ്യുകയില്ല. ആദ്യമായി ഞാന്‍ ശുചിത്വത്തിന് നാന്ദി കുറിക്കുന്നത് എന്നില്‍ നിന്നും എന്റെ കുടുബത്തില്‍നിന്നും എന്റെ പ്രദേശത്തുനിന്നും എന്റെ ഗ്രാമത്തില്‍ നിന്നും എന്റെ ജോലിസ്ഥലത്തുനിന്നും ആയിരിക്കും. ശുചിത്വംപാലിക്കുന്ന രാഷ്ട്രങ്ങളിലെ ജനങ്ങള്‍ ഒന്നും മലിനമാക്കുകയോ മലിനമാക്കുവാനനുവദിക്കുകയോ ചെയ്യുന്നവരെല്ലെന്ന് ഞാന്‍ മനസിലാക്കുന്നു. ഈ ചിന്തയോടുകൂടി ഞാന്‍ തെരുവുകള്‍തോറും ഗ്രാമങ്ങള്‍തോറും ശുചിത്വഭാരത സന്ദേശം പ്രചരിപ്പിക്കും. ഇന്നു ഞാനെടുക്കുന്ന ഈ പ്രതിജ്ഞ മറ്റ് നൂറ് വ്യക്തികളെക്കൊണ്ടുകൂടി എടുപ്പിക്കും. അവരും എന്നെപ്പോലെ ശുചിത്വത്തിന് വേണ്ടി നൂറ് മണിക്കൂര്‍ ചെലവഴിക്കാന്‍ ഞാന്‍ പരിശ്രമിക്കും. ശുചീകരണത്തിനുവേണ്ടി ഞാന്‍ വച്ച ഓരോ ചുവടും ഭാരതം മുഴുവന്‍ ശുചത്വമുള്ളതാക്കുവാന്‍ സഹായകരമായിരിക്കും എന്ന് എനിയ്ക്കറിയാം.
Discussion about this post