കണ്ണൂര്‍: സംസ്ഥാനത്തെ ദേശീയപാതയുടെ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചു. ദേശീയപാത 45 മീറ്ററാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍വേ പൂര്‍ത്തിയാക്കി ആറു മാസത്തിനകം ഭൂമി ഏറ്റെടുത്ത് ദേശീയപാത വിഭാഗത്തിനു കൈമാറണമെന്നു കാണിച്ച് സര്‍ക്കാര്‍ ഇന്നലെ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്കി. കേരളത്തില്‍ ദേശീയപാത 66 (പഴയ 17), 47 എന്നിവ 45 മീറ്ററില്‍ വികസിപ്പിക്കാനായി 669 കിലോമീറ്ററിലായി 3400 ഏക്കര്‍ ഭൂമി ഇനിയും കണെ്ടത്തേണ്ടതുണെ്ടന്ന് പൊതുമരാമത്ത് എന്‍എച്ച് വിഭാഗം ചീഫ് എന്‍ജിനിയര്‍ കെ.പി. പ്രഭാകരന്‍ വ്യക്തമാക്കി.
വിപണിവിലയില്‍ തന്നെ ഏറ്റവും കുറഞ്ഞനിരക്കില്‍ കണക്കാക്കിയാല്‍പ്പോലും 14,000 കോടി രൂപയിലധികം വേണ്ടിവരും. 90 ശതമാനവും പൂര്‍ത്തിയായ തലശേരി- മാഹി ബൈപാസ് ഭൂമി ഏറ്റെടുക്കല്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നു കണ്ണൂര്‍ ജില്ലാ കളക്ടര്‍ പി. ബാലകിരണും പറഞ്ഞു. കണ്ണൂര്‍ ബൈപാസിന്റെ സര്‍വേയും ഭൂമി ഏറ്റെടുക്കലും പൂര്‍ത്തിയാക്കി ആറു മാസത്തിനകം ദേശീയപാത വിഭാഗത്തിന് സ്ഥലം കൈമാറുമെന്നും കളക്ടര്‍ പറഞ്ഞു.
സ്ഥലം ഏറ്റെടുക്കുന്നതിനായുള്ള എന്‍എച്ച് വിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നാളെ തിരുവനന്തപുരത്തു നടക്കും. കേരളത്തിലെ ദേശീയപാത വികസനം ഊര്‍ജിതമാക്കി ഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.
പൊതുമരാമത്ത് സെക്രട്ടറി. റവന്യൂ സെക്രട്ടറി, ദേശീയപാത വിഭാഗം ചീഫ് എന്‍ജിനിയര്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. അതാത് പ്രദേശത്തെ ഭൂമി വിലയ്ക്ക് ആനുപാതികമായി നഷ്ടപരിഹാരം നിശ്ചയിക്കുന്ന തരത്തിലുള്ള പാക്കേജാണ് കേരളം ആവശ്യപ്പെടുന്നത്.
നഗരപ്രദേശത്തുനിന്നു കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കു ഭൂവിലയുടെ ഇരട്ടി തുകയും ഉള്‍പ്രദേശങ്ങളില്‍ നാലിരട്ടിയും നഷ്ടപരിഹാരം നല്കണമെന്നാണു കേരളത്തിന്റെ ആവശ്യം. എന്നാല്‍, പുനരധിവാസം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നാല്‍ അതിനായുള്ള തുക സംസ്ഥാനം പ്രത്യേകം കണെ്ടത്തേണ്ടിവരും.
45 മീറ്റര്‍ വീതിക്ക് എന്‍എച്ച് 47ല്‍ ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ 900 ഏക്കറും എന്‍എച്ച് 66ല്‍ തലപ്പാടി മുതല്‍ ഇടപ്പള്ളി വരെ ഏകദേശം 2500 ഏക്കറുമാണ് ഇനി ഏറ്റെടുക്കാനുള്ളത്. തിരുവനന്തപുരം കഴക്കൂട്ടം- മുക്കോല റോഡ് നിര്‍മാണം നിലവില്‍ പുരോഗമിച്ചു വരികയാണ്.
Discussion about this post