തിരുവനന്തപുരം: അനധികൃതമായി കുന്നുകള്‍ ഇടിച്ചു നിരത്തി നെല്‍വയല്‍ നികത്തുന്നതിനെതിരെ കര്‍ശന നിര്‍ദേശം നല്‍കി റവന്യൂ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
വ്യവസ്ഥകള്‍ നിലവിലുണ്ടായിട്ടും സംസ്ഥാനത്ത് അനധികൃതമായി കുന്നുകള്‍ ഇടിച്ചു നിരത്തിയും നെല്‍വയലുകള്‍ നികത്തുന്ന സംഭവങ്ങള്‍ നടക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും. ഒരു പ്രദേശത്ത് നെല്‍വയലുകള്‍ അനധികൃതമായി നികത്തപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ആയതിന്റെ ഉത്തരവാദിത്വം പ്രദേശത്തെ പ്രാദേശികതല നിരീക്ഷണ സമിതിയുടെ കണ്‍വീനറായ കൃഷി ഓഫീസറിലും ബന്ധപ്പെട്ട വില്ലേജ് ഓഫീസറിലും നിക്ഷിപ്തമായിരിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാരിന്റെ ചുമതലയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കൊഴികെ മണ്ണ് നീക്കം ചെയ്ത് നിലം നികത്താന്‍ പാടില്ല. ഇത് ലംഘിക്കുന്നവരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കുകയും അതിനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യും. ജില്ലാ കളക്ടര്‍മാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതും, ലഭ്യമാകുന്ന പരാതികളിലും ശ്രദ്ധയില്‍പ്പെടുന്ന വാര്‍ത്തയിലും അടിയന്തിര നിയമനടപടി സ്വീകരിച്ച് വാഹനങ്ങള്‍ കണ്ടുകെട്ടേണ്ടതുമാണ്. ഇതു സംബന്ധിച്ച രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതും ജില്ലാ കളക്ടര്‍മാര്‍ അവരുടെ പ്രതിമാസ യോഗങ്ങളിര്‍ ഇക്കാര്യം അജണ്ടയില്‍ ഉള്‍പ്പെടുത്തി അവലോകനം ചെയ്യേണ്ടതും ഇതു സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് നല്‍കേണ്ടതുമാണ്.
Discussion about this post