തിരുവനന്തപുരം: ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം രാജിവച്ചു. തലസ്ഥാനത്തു നടന്ന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രത്യേക യോഗത്തിനു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. അഞ്ജുതന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. രാജിവയ്ക്കരുതെന്ന് യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാന്‍ അഞ്ജു തയാറായില്ല. അഞ്ജുവടക്കം കൗണ്‍സിലിലെ എട്ടുപേരാണ് രാജിവച്ചത്.
കേരളത്തില്‍ കായിക രംഗത്ത് അഴിമതി നിലനില്‍ക്കുന്നുണ്‌ടെന്ന് സ്‌പോര്‍ടസ് അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. ദേശീയ തലത്തില്‍ സ്‌കൂള്‍ ഗെയിംസ് നടത്താനായതാണ് തന്റെ ഭരണകാലത്തെ ഏറ്റവും വലിയ നേട്ടമെന്നു പറഞ്ഞ അവര്‍ സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ബന്ധപ്പെട്ട പല ഫയലുകളിലും അഴിമതിയുണ്ടന്നും വ്യക്തമാക്കി.
ഇത്തരം അഴിമതികള്‍ അന്വേഷിക്കുന്നതിനു അധികാരമുള്ള എത്തിക്‌സ് കമ്മിറ്റി രൂപീകരിച്ചുകൊണ്ടാണ് അഞ്ജുവിന്റെ അധ്യക്ഷതയിലുള്ള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അവസാന യോഗം ചേര്‍ന്നത്. താന്‍ അധികാരമേറ്റെടുത്ത് ദിവസങ്ങള്‍ക്കകം തന്റെ മെയില്‍ ഹാക്ക് ചെയ്തിരുന്നവെന്നും ഇതു സംബന്ധിച്ച് താന്‍ പരാതി നല്‍കിയിരുന്നുവെന്നും അഞ്ജു പറഞ്ഞു. കായിക താരങ്ങളോടു കാണിച്ച ഏറ്റവും വലിയ അഴിമതിയാണ് സ്‌പോര്‍ടസ്് ലോട്ടറിയെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും അഞ്ജു ആവശ്യപ്പെട്ടു.
മാധ്യമങ്ങളും ജനങ്ങളും ചേര്‍ന്ന് ക്രമക്കേടുകള്‍ പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട അഞ്ജു തന്റെ സഹോദരന്‍ അജിത് മാര്‍ക്കോസിന്റെ നിയനം സംബന്ധിച്ച കാര്യങ്ങളില്‍ തനിക്ക് പങ്കില്ലെന്നും വ്യക്തമാക്കി. അജിത് മാര്‍ക്കോസും പരിശീക സ്ഥാനം രാജി വയ്ക്കുകയാണെന്നു വെളിപ്പെടുത്തിയ അഞ്ജു, അഞ്ചു മെഡലുകള്‍ കിട്ടിയ കോച്ചെന്ന നിലയിലാണ് അജിതിനെ നിയമിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. അജിതിന്റെ നിയമനം സംബന്ധിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സിലല്ല തീരുമാനം എടുത്തതെന്നും അവര്‍ വ്യക്തമാക്കി.
നേരത്തെ, തനിക്കെതിരെ ഉണ്ടായ ആരോപണങ്ങള്‍ അപ്രതീക്ഷിതമായിരുന്നുവെന്ന് അഞ്ജു വ്യക്തമാക്കിയിരുന്നു. സ്‌പോര്‍ട് കൗണ്‍സില്‍ യോഗം ആരംഭിക്കുന്നതിനു മുന്‍പാണ് അഞ്ജു ഇക്കാര്യം അറിയിച്ചത്. ലോക വേദികളിലെ തന്റെ അനുഭവസമ്പത്ത് കേരളത്തിന്റെ കായിക ലോകത്തിനു മുതല്‍കൂട്ടാകട്ടെയെന്നു വിചാരിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് പദവി ഏറ്റെടുത്തതെന്നും അര്‍ഹതയില്ലാത്ത ആനുകൂല്യങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും അഞ്ജു വ്യക്തമാക്കിയിരുന്നു.
Discussion about this post