തിരുവനന്തപുരം: സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കൃഷിയിടങ്ങളില്‍ കീടനാശിനികളുടെ അനിയന്ത്രിതവും വിവേചനരഹിതവുമായ ഉപയോഗം തടയുന്നതിനും കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ സാന്നിദ്ധ്യത്തില്‍ കൂടിയ ഉന്നതതലയോഗം തീരുമാനിച്ചു.
ജൈവകൃഷി ഗണ്യമായി വര്‍ധിച്ചിട്ടും കീടനാശിനികളുടെ ഉപയോഗം ആശങ്കയുളവാക്കുന്ന സാഹചര്യത്തില്‍ കൃഷി വകുപ്പിന്റെ നിലവിലുള്ള പ്ലാന്റ് ഹെല്‍ത്ത്/അഗ്രോ ക്ലിനിക്കുകളും പെസ്റ്റ് സര്‍വയിലന്‍സ് സംവിധാനവും ശക്തിപ്പെടുത്താന്‍ കൃഷിമന്ത്രി നിര്‍ദ്ദേശം നല്‍കി. കടുത്ത ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന അമിതമായ കീടനാശിനി കര്‍ഷകര്‍ വിവേചനപൂര്‍വമായേ ഉപയോഗിക്കുന്നുള്ളൂ എന്ന് കൃഷി ഓഫീസര്‍മാര്‍ ഉറപ്പാക്കും. കീട/കള/കുമിള്‍ നാശിനി നിര്‍മ്മാതാക്കളും വിതരണക്കാരും കര്‍ഷകരെ അമിതമായി സ്വാധീനിക്കുന്നതും കീടനാശിനി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതും കൃഷിവകുപ്പ് നിരുത്സാഹപ്പെടുത്തുന്നതോടൊപ്പം കര്‍ഷകരുമായി ചേര്‍ന്നുള്ള വിള പരീക്ഷണങ്ങളും ഡമോണ്‍സ്‌ട്രേഷനുകളും പൂര്‍ണമായി നിരോധിക്കാനും കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കീടനാശിനി നിര്‍മ്മാതാക്കളോ വിതരണക്കാരോ നേരിട്ട് പാടശേഖര സമിതികള്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും കീടനാശിനികള്‍ വിതരണം ചെയ്യുന്നത് നിരോധിക്കുകയും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. നിയന്ത്രിത കീടനാശിനികളുടെ വിതരണവും ഉപയോഗവും സംബന്ധിച്ച് നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കൃഷി ഓഫീസര്‍മാര്‍ കര്‍ശന നടപടി കൈക്കൊള്ളും. നിരോധിത കീടനാശിനികളുടെ വിതരണവും വില്പനയും തടയാന്‍ ജില്ലാതലത്തിലുള്ള വിജിലന്‍സ് കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ഇന്‍സെക്ടിസൈഡ് ഇന്‍സ്‌പെക്ടര്‍മാര്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ തങ്ങളുടെ പരിധിയിലുള്ള ഡിപ്പോകള്‍ പരിശോധിച്ച് ക്രമവിരുദ്ധമായതും നിരോധിച്ചിട്ടുള്ളതുമായ കീടനാശിനികളുടെ വില്പനയും ഉപയോഗവും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. രാസകീടനാശിനി ഷോപ്പുകളില്‍ സ്റ്റോക്കുകള്‍, വിലസംബന്ധമായ വിവരങ്ങള്‍ എന്നിവ പരസ്യമായി പ്രദര്‍ശിപ്പിക്കേണ്ടതാണെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Discussion about this post