തിരുവനന്തപുരം: പ്ലാന്റേഷന്‍ ലേബര്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത, കേരളത്തിലെ 891 തോട്ടങ്ങളിലെ തൊഴിലാളികള്‍ക്കുവേണ്ടി, കഴിവതുംവേഗം ഭവനപദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന്, തൊഴില്‍ വകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണന്‍ അറിയിച്ചു. ഇതുസംബന്ധിച്ച് സെക്രട്ടറിയേറ്റില്‍ വിളിച്ചുചേര്‍ത്ത ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് അവിടങ്ങളിലോ, അല്ലാത്തവര്‍ക്ക് റവന്യൂ വകുപ്പോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോ നല്‍കുന്ന സ്ഥലങ്ങളിലോ ആണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക. നിലവിലുള്ള ലയങ്ങളില്‍, രണ്ട് കിടപ്പു മുറികളുള്ളവയാക്കാന്‍ സാധിക്കുന്നവ അപ്രകാരം ചെയ്യും. ഇക്കാര്യം യോഗം വിശദമായി ചര്‍ച്ച ചെയ്തു. ഇതു സംബന്ധിച്ച വിശദമായ പ്രൊപ്പോസല്‍ തയ്യാറാക്കാന്‍ ലേബര്‍ സെക്രട്ടറി ടോം ജോസിനെയും, ലേബര്‍ കമ്മീഷണര്‍ കെ. ബിജുവിനെയും മന്ത്രി ചുമതലപ്പെടുത്തി.
പ്രൊപ്പോസല്‍ തയ്യാറാക്കുന്തിന്റെ ഭാഗമായി പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരുടെയും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത സംഘം വിശദമായ സര്‍വ്വെ നടത്തും. വിവിധ ഭവന പദ്ധതികള്‍ക്കായി, തൊഴില്‍ വകുപ്പിനു കീഴില്‍ രൂപീകരിച്ച, ഭവന ഫൗണ്ടേഷന്‍കേരളയ്ക്കായിരിക്കും പദ്ധതിയുടെ നിര്‍വ്വഹണചുമതല. നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഭവന മാതൃകകള്‍ യോഗം വിലയിരുത്തി. പദ്ധതി നടപ്പിലാക്കുന്നതിനായി പ്ലാന്റേഷന്‍ ഹൗസിംഗ് അഡൈ്വസറി കമ്മിറ്റി ഉടന്‍ പുന:സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ രജിസ്റ്റര്‍ ചെയ്ത തോട്ടങ്ങളില്‍ 88,547 തൊഴിലാളികളാണുളളത്. 27,803 ലയങ്ങളിലും മൂന്നു ബ്‌ളോക്കുകളിലുമായാണ് ഇവര്‍ താമസിക്കുന്നത്. ഇവയില്‍ 21,647 എണ്ണം മാത്രമാണ് വാസയോഗ്യമായിട്ടുള്ളവ. ഇവയിലും അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതായിട്ടുണ്ട്. കേരളത്തിലെ ഭവന രഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീടു വച്ചു നല്‍കുമെന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ഇതിന്റ ഭാഗമായാണ്, ആദ്യപടി എന്ന നിലയില്‍, തോട്ടം തൊഴിലാളികള്‍ക്കുവേണ്ടി പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി അറിയിച്ചു.
യോഗത്തില്‍ അഡിഷണല്‍ ലേബര്‍ കമ്മീഷണര്‍ ഡോ. ജി. എല്‍ മുരളീധരന്‍, ഭവന ഫൗണ്ടേഷന്‍ കേരളയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വിന്‍സന്റ് അലക്‌സ്, ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ ബീനാമ്മ വര്‍ഗീസ്, ട്രേഡ് യൂണിയന്‍ പ്രതിനിധികളായ കെ. കെ ജയചന്ദ്രന്‍, സി. എ കുര്യന്‍ , ലാലാജി ബാബു, എച്ച് രാജീവന്‍, പി. ജെ ജോയ്, തോമസ് കല്ലാടന്‍, പി. പി. എ കരീം, എന്‍. ബി. ശശിധരന്‍, പി. എസ് രാജപ്പന്‍, ജി ബേബി, ജി.സുഗുണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Discussion about this post