കൊച്ചി: വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ ഒമ്പത് ബീച്ചുകള്‍ കോര്‍ത്തിണക്കി ബീച്ച് സര്‍ക്യൂട്ട് ഉണ്ടാക്കാന്‍ തീരുമാനം. പുതുവൈപ്പ്, ചാപ്പ, ഞാറക്കല്‍, നായരമ്പലം, ചാത്തനാട്, കുഴുപ്പിള്ളി, രക്തേശ്വരി, ചെറായി, മുനമ്പം ബീച്ചുകളെ കോര്‍ത്തിണക്കിയാണ് സര്‍ക്യൂട്ട് സൃഷ്ടിക്കുക.
അവധി ദിവസങ്ങളില്‍ ചെറായി, കുഴുപ്പിള്ളി ബീച്ചുകളില്‍ വന്‍തിരക്കാണ് ഇപ്പോഴുള്ളത്. ഇത് മറ്റ് ബീച്ചുകളിലേക്കും വികേന്ദ്രീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബീച്ച് സര്‍ക്യൂട്ട് രൂപീകരിക്കുന്നത്. പ്രൊഫ. കെ.വി. തോമസ് എം.പിയുടെ അധ്യക്ഷതയില്‍ ചെറായിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. എസ്. ശര്‍മ എം.എല്‍.എ, ഡി.ടി.പി.സി സെക്രട്ടറിയും ഫോര്‍ട്ടുകൊച്ചി സബ് കളക്ടറുമായ എസ്. സുഹാസ്, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍, കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു രാജേഷ്, മുസിരിസ് സ്‌പെഷ്യല്‍ ഓഫീസര്‍ കെ.എസ്. ഷൈന്‍, ഡി.ടി.പി.സി മാനേജര്‍ വിജയകുമാര്‍ എന്നിവരും വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
ചെറായി ബീച്ചിലെ കടല്‍ഭിത്തി പുനഃനിര്‍മിക്കുന്നതിന് 55 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് ഡി.ടി.പി.സി അധികൃതര്‍ പറഞ്ഞു. ബീച്ചില്‍ റിഫ്രഷ്‌മെന്റ് കം ടോയ്‌ലെറ്റ് സെന്റര്‍ നിര്‍മിക്കുന്നതിന് 25 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി. ബീച്ചുകളുടെ സമഗ്ര വികസനത്തിന്റെ ഭാഗമായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ടൂറിസം, ഇറിഗേഷന്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ്, ജല അതോറിറ്റി, പൊതുമരാമത്ത് എന്നീ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത് പദ്ധതിക്ക് അന്തിമരൂപം നല്‍കും. ചെറായി ബീച്ചിനെ മാതൃബീച്ചായി വികസിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. സര്‍ക്യൂട്ടിന്റെ ഭാഗമായി വികസിപ്പിക്കുന്ന ബീച്ചുകളില്‍ സന്ദര്‍ശകര്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യം ഒരുക്കും. അവധിദിവസങ്ങളില്‍ ബീച്ചില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിന് സൗകര്യമൊരുക്കും. ദ്വീപിലെ വിവിധ ദേവാലയങ്ങള്‍ കോര്‍ത്തിണക്കി പില്‍ഗ്രിം ടൂറിസം വികസിപ്പിക്കാനും പദ്ധതി തയാറാക്കും.
Discussion about this post