തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ പേരില്‍ നടക്കുന്ന അനധികൃത പണപ്പിരിവില്‍ ക്ഷേത്രം ട്രസ്‌റ്റിനു യാതൊരു ബന്ധവുമില്ലെന്നു സെക്രട്ടറി കെ.പി. രാമചന്ദ്രന്‍ നായര്‍ അറിയിച്ചു. പൊങ്കാല ഉല്‍സവത്തോടനുബന്ധിച്ചു മന്ത്രിമാരും എംഎല്‍എയും പൊലീസ് അധികാരികളും പങ്കെടുത്ത യോഗത്തിലും ഇത്തരം പിരിവുകള്‍ അനുവദിക്കരുതെന്നു തീരുമാനമെടുത്തിരുന്നു. പൊങ്കാല സംബന്ധിച്ച പ്രോഗ്രാം ബുക്കിലും ഈ അറിയിപ്പുണ്ട്. നാട്ടിലെങ്ങും ഇല്ലാത്ത സംഘടനകള്‍ പൊങ്കാലക്കാലത്തു പെട്ടെന്നു പൊങ്ങിവന്നു പിരിവു നടത്തുകയാണു ചെയ്യുന്നത്. ഇതു പണംപിടുങ്ങല്‍ മാത്രമാണ്. വ്യാപാരികള്‍ അനധികൃത പിരിവുകാര്‍ക്കു പണം നല്‍കരുതെന്നു ക്ഷേത്രം ട്രസ്‌റ്റ് സെക്രട്ടറി അഭ്യര്‍ഥിച്ചു.
അതേസമയം, പിരിവുമൂലം തങ്ങള്‍ക്കു പീഡനമാണെന്നു നഗരത്തിലെ വ്യാപാരികള്‍ പരാതിപ്പെട്ടു. പല പേരിലുള്ള ക്ലബ്ബുകളെന്നും പൗരസമിതിയെന്നുമൊക്കെ പറഞ്ഞാണു പിരിവു നടത്തുന്നത്. പൊങ്കാല ദിവസം അന്നദാനത്തിന്റെയും മറ്റു സൗജന്യങ്ങളുടെയും പേരു പറഞ്ഞാണു പിരിക്കുന്നത്. പിരിവു കൊടുക്കേണ്ട തുക അവര്‍ തന്നെ നിശ്‌ചയിക്കുകയാണ്. ചെറുകിട വ്യാപാരികള്‍ 300 രൂപ മുതല്‍ 1000, 2000, 5000 പോലുള്ള തുകകള്‍ കടക്കാരില്‍ നിന്നു കടയുടെ വലുപ്പം നോക്കി പിരിക്കുകയാണ്.
കിള്ളിപ്പാലത്തും പാളയത്തും മറ്റും വ്യാപാരികള്‍ കൂടുതലുള്ള സ്‌ഥലങ്ങളിലാണു പിരിവും കൂടുതല്‍. നിര്‍ബന്ധിത പിരിവു പാടില്ലെന്നു സിറ്റി പൊലീസ് കമ്മിഷണറുടെ അറിയിപ്പില്‍ പറയുന്നുണ്ടെങ്കിലും പിരിവുകാര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നു പരാതിയുണ്ട്.
Discussion about this post