തിരുവനന്തപുരം: കരമന കളിയിക്കാവിള റോഡ് രണ്ടാംഘട്ട വികസനത്തിനുള്ള ഭൂമിയേറ്റെടുക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍. തിരുവനന്തപുരം ജില്ലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാവച്ചമ്പലം വഴിമുക്ക് ഭാഗത്തെ പ്രവൃത്തികള്‍ക്കായി നൂറുകോടി രൂപ അനുവദിക്കുകയും ഇരുനൂറ് കോടി രൂപ ബജറ്റില്‍ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. രണ്ടാംഘട്ട വികസനം അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ സ്‌പെഷല്‍ ടീമിനെ നിയോഗിച്ചു. പ്രാവച്ചമ്പലം ബാലരാമപുരം ഭാഗത്തെ കരാര്‍ നടപടികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കി ഒരുമാസത്തിനുള്ളില്‍ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുംവിധം നടപടികള്‍ പുരോഗമിക്കുകയാണ്. ഇരുവശവുമുള്ള മരങ്ങളുടെ നമ്പരിടല്‍ പൂര്‍ത്തിയായി. കെട്ടിടങ്ങളുടെയും മറ്റും ലേല നടപടികള്‍ പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കിയാലുടന്‍ തുടര്‍പ്രവൃത്തികള്‍ തുടങ്ങും.
ബാലരാമപുരം വഴിമുക്ക് ഭാഗത്തെ ഭൂമിവില സംസ്ഥാനതല ഉന്നതാധികാരസമിതി അംഗീകരിച്ചു നല്‍കുന്ന മുറയ്ക്ക് ആ ഭാഗത്തെ സ്ഥലവും ഏറ്റെടുക്കും. ബന്ധപ്പെട്ട സ്ഥലവാസികളും വ്യാപാരികളും വേണ്ട മുന്നൊരുക്കങ്ങളെടുക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. യോഗത്തില്‍ ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥരും മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംബന്ധിച്ചു.
Discussion about this post