തിരുവനന്തപുരം: തണ്ണീര്‍മുക്കം ബണ്ടിന്റെ നവീകരണം 2016 ഡിസംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്ന കുട്ടനാട് പാക്കേജ് അവലോകന യോഗത്തിലാണ് തീരുമാനം.
തോട്ടപ്പള്ളി സ്പില്‍വേയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കും. ഇതിനുള്ള നടപടി 2017 ജനുവരിയോടെ പൂര്‍ത്തീകരിക്കും. എ.സി. കനാലിലെ തടസ്സങ്ങള്‍ പൂര്‍ണ്ണമായും നീക്കി കനാല്‍ ഉപയോഗയോഗ്യമാക്കാന്‍ തീരുമാനിച്ചു. ചങ്ങനാശ്ശേരി മുതല്‍ ഒന്നാംകര വരെയുള്ള ഭാഗമാണ് നിലവില്‍ പൂര്‍ത്തിയായിട്ടുളളത്. ഒന്നാംകര മുതല്‍ നെടുമുടി വരെയും, നെടുമുടി മുതല്‍ പള്ളാത്തുരുത്ത് വരെയുമുള്ള പ്രദേശത്തെ കൈയ്യേറ്റങ്ങളെക്കുറിച്ച് വിശദമായ സര്‍വ്വേ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
വേമ്പനാട് കായല്‍ ശുചീകരണത്തിനായി മൂന്ന് മാസത്തിനകം സമഗ്ര പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാന്‍ പരിസ്ഥിതി വകുപ്പിനെ ചുമതലപ്പെടുത്തി. പാക്കേജിന്റെ ഭാഗമായി വിതരണം ചെയ്ത പമ്പുകള്‍, കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവയുടെ നിലവിലെ സ്ഥിതി, ഉപയുക്തത എന്നിവ പരിശോധിക്കാന്‍ തീരുമാനിച്ചു. കുടിവെള്ളത്തിനായി അനുവദിച്ച 70 കോടി രൂപയില്‍ 39 കോടി മാത്രമാണ് ചിലവഴിച്ചിട്ടുള്ളത്. ബാക്കി 31 കോടി രൂപ ചിലവഴിച്ച് 2017 മേയ് മാസത്തോടെ പദ്ധതി പൂര്‍ത്തീകരിക്കണം. പ്രദേശത്തെ 14 പഞ്ചായത്തുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
വേമ്പനാട്ട് കായലിലെ പോളമാറ്റല്‍ പ്രക്രിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വികേന്ദ്രീകൃത രീതിയില്‍ ചെയ്യണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം സംസ്ഥാനം മുഴുവനും, പ്രത്യേകിച്ച് കുട്ടനാടിലും ഗണ്യമായി കുറയ്ക്കണം. പാക്കേജുമായി ബന്ധപ്പെട്ട് നിലവിലുള്ള കോഓര്‍ഡിനേഷന്‍ കമ്മിറ്റി പുനഃസംഘടിപ്പിക്കണം. കമ്മിറ്റികള്‍ കൃത്യമായ ഇടവേളകളില്‍ ചേരണം. 2016 ഡിസംബറിന് മുമ്പ് കുറഞ്ഞത് രണ്ട് തവണയെങ്കിലും കമ്മിറ്റി ചേരണം. പാക്കേജുമായി ബന്ധപ്പെട്ട വ്യക്തമായ റോഡ്മാപ്പ് സമയബന്ധിതമായി തയ്യാറാക്കി സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
ധനകാര്യ മന്ത്രി ടി.എം.തോമസ് ഐസക്, കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍, വനം മന്ത്രി വി.കെ. രാജു, ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ, പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍, ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, ആലപ്പുഴ ജില്ലയിലെ ജനപ്രതിനിധികള്‍, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post