തിരുവനന്തപുരം: മയക്കുമരുന്നിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും വര്‍ധിച്ചുവരുന്ന കടത്തും ഉപയോഗവും തടയുന്നതിന് പോലീസ്, എക്‌സൈസ്, റെയില്‍വെ സംരക്ഷണസേന, ഗവണ്‍മെന്റ് റെയില്‍വേ പോലീസ് എന്നിവര്‍ ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനപരിപാടിക്ക് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം രൂപം നല്കി.
സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെയും മയക്കുമരുന്നുകളുടെയും ഉപയോഗവും കടത്തും വര്‍ധിക്കുകയും പഞ്ചാബ്, മഹാരാഷ്ട്ര എന്നിവയ്ക്ക് പിന്നില്‍ മയക്കുമരുന്ന് കടത്ത് വ്യാപകമായ മൂന്നാമത്തെ സംസ്ഥാനമായി കേരളം മാറുകയും ചെയ്ത പശ്ചാത്തലത്തിലാണ് ബന്ധപ്പെട്ട ഏജന്‍സികള്‍ സംയുക്ത യോഗം ചേര്‍ന്നത്. മയക്കുമരുന്നുകള്‍ കണ്ടെത്തുന്നതിലും വിതരണം തടയുന്നതിലും ശക്തമായ നടപടികള്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി.മാര്‍ കൈക്കൊള്ളണമെന്ന് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. കൂടുതല്‍ ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്‌കാനര്‍, സി.സി.ടി.വി., ക്യാമറ, കംപ്യൂട്ടര്‍ തുടങ്ങി പുതിയ സാങ്കേതിക സംവിധാനങ്ങള്‍ പരമാവധി ഉപയോഗിക്കും. ഇതാദ്യമായി മയക്കുമരുന്നുകള്‍ കണ്ടെത്തുന്നതിന് ഗവണ്‍മെന്റ് റെയില്‍വേ പോലീസില്‍ ഡോഗ് സ്‌ക്വാഡ് രൂപീകരിക്കും. എക്‌സൈസ്, പോലീസ് വകുപ്പുകളില്‍ കഴിഞ്ഞ 10 വര്‍ഷം എന്‍.ഡി.പി.എസ്. ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളും അവയിന്മേലുള്ള കോടതി വിധികളും പരിശോധിച്ച് അന്വേഷണത്തിലെ അപര്യാപ്തതകള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. ക്രൈംബ്രാഞ്ച് ഐ.ജി.യുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ഡി.സി.പി. (എല്‍ ആന്റ് ഒ), ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍, റെയില്‍വെ സംരക്ഷണ സേന ഡിവിഷണല്‍ ഓഫീസര്‍, അബ്കാരി ഡെപ്യൂട്ടി കമ്മീഷണര്‍, എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റ് ലാ ഓഫീസര്‍ എന്നിവരടങ്ങിയ കമ്മിറ്റിയെ സംയുക്ത പ്രവര്‍ത്തനത്തിലെ നിയമതടസ്സങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനായി ചുമതലപ്പെടുത്തി. എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റിന് പോലീസ് സൈബര്‍ സെല്ലുകളുടെ സേവനം മയക്കുമരുന്ന് തടയുന്നതില്‍ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ലഭ്യമാക്കും.
അതിര്‍ത്തി ജില്ലകളിലുള്ള നാര്‍ക്കോട്ടിക് ബ്യൂറോകള്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി ശക്തിപ്പെടുത്തും. എല്ലാ ഏജന്‍സികളും ചേര്‍ന്ന് ശക്തമായ ബോധവത്കരണ പരിപാടികളും ആവിഷ്‌കരിക്കും. ഈ നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പിമാര്‍, റെയില്‍വെ സംരക്ഷണ സേന പ്രതിനിധികള്‍ എന്നിവര്‍ പ്രതിമാസം യോഗം ചേരും. മയക്കുമരുന്ന് കടത്ത്, വില്‍പന നികുതി വെട്ടിപ്പിന് സഹായിക്കുന്ന കള്ളക്കടത്തുകള്‍ എന്നിവ സംബന്ധിച്ച പരിശോധനയ്ക്ക് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് സൗകര്യം നല്‍കുന്നതിന് റെയില്‍വേയോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്, ദക്ഷിണമേഖല എ.ഡി.ജി.പി. ഡോ.ബി.സന്ധ്യ, എ.ഡി.ജി.പി ക്രൈം ആനന്ദകൃഷ്ണന്‍, ക്രൈം ഐ.ജി. ബല്‍റാംകുമാര്‍ ഉപാധ്യായ, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐ.ജി. സുരേഷ്‌രാജ് പുരോഹിത്, കൊച്ചി റേഞ്ച് ഐ.ജി. ശ്രീജിത്ത്, മറ്റ് ഉന്നത പോലീസ്, ഏക്‌സൈസ്, ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post