തിരുവനന്തപുരം: നിയമസഭാ റിപ്പോര്‍ട്ടിംഗിനെത്തിയ പടയണി ദിനപത്രത്തിന്റെ എഡിറ്ററും മുന്‍മന്ത്രിയുമായ കെ.പി.മോഹനന് ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് സ്മാള്‍ ആന്‍ഡ് മീഡിയം ന്യൂസ്‌പേപ്പേഴ്‌സ് എന്ന ദേശീയ പത്രസംഘടനയും കേരള പത്രപ്രവര്‍ത്തക പെന്‍ഷനേഴ്‌സ് അസോസിയേഷനും സംയുക്തമായി നിയമസഭാ കവാടത്തിനുമുന്നില്‍ സ്വീകരണം നല്‍കി. ഐ.എഫ്.എസ്.എം.എന്‍. ദേശീയ പ്രസിഡന്റ് പൂവച്ചല്‍ സദാശിവന്‍, ഐ.എഫ്.എസ്.എം.എന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ.ലാല്‍ജിത്, കേരള പത്രപ്രവര്‍ത്തക പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.ബദറൂദീന്‍ എന്നിവര്‍ പൊന്നാടയണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. സംഘടനയുടെ മറ്റ് അംഗങ്ങളായ പൂവച്ചല്‍ ഉഷ, ആര്‍.മധുസൂദനന്‍നായര്‍, വലിയശാല മണികണ്ഠന്‍, കുശലകുമാരി, കെ.ലത, ആര്‍.ആര്‍.പൈ, അശോക് കുമാര്‍, വേണുഗോപാലന്‍ നായര്‍, സദ്ധാര്‍ത്ഥന്‍, പരിമണം രാജു തുടങ്ങിയ നിരവധി പത്രമാധ്യമപ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.
കഴിഞ്ഞ നാലുദശാബ്ദക്കാലമായി കണ്ണൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന സായാഹ്നദിനപത്രമായ പടയണിയുടെ പടനായകനായി കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കൃഷി തുടങ്ങിയ വിവിധ വകുപ്പുകളുടെ ഭരണസാരഥിയായിരുന്ന മുന്‍മന്ത്രി കെ.പി.മോഹനന്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ യശസുയര്‍ത്തിക്കൊണ്ട് യുവമാധ്യമപ്രവര്‍ത്തകരുടെ ഇടയില്‍ കേരളനിയമസഭയുടെ പ്രസ്ഗ്യാലറിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പാസുമായി കടന്നുവന്ന് കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെടുക എന്നത് ചരിത്രം കുറിക്കുന്ന സംഭവമാണെന്ന് ചടങ്ങില്‍ സംസാരിച്ച പൂവച്ചല്‍ സദാശിവന്‍ പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ ധീരമായ തീരുമാനം മറ്റുള്ളവര്‍ക്ക് മാതൃകയാണെന്ന് മറ്റുഭാരവാഹികളായ എം.ബദറുദീന്‍, ടി.കെ.ലാല്‍ജിത് എന്നിവര്‍ സ്വീകരണച്ചടങ്ങില്‍ അഭിപ്രായപ്പെട്ടു.
Discussion about this post