തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം സുഗമമാക്കുന്നതിനുള്ള പോലീസ് തയ്യാറെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് ആസ്ഥാനത്തു നടന്ന യോഗം തീരുമാനിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പഴുതടച്ച സുരക്ഷ ഒരുക്കുവാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹറ നിര്‍ദ്ദേശിച്ചു.
സുരക്ഷ ഒരുക്കുമ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാക്കാതിരിക്കാന്‍ കഴിയുന്നത്ര ശ്രദ്ധിക്കണം. നിരീക്ഷണ ക്യാമറകള്‍, സുരക്ഷാ സ്‌കാനറുകള്‍, ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവ കൂടുതല്‍ പ്രയോജനപ്പെടുത്തിയുള്ള സുരക്ഷയാണ് ഇത്തവണ ഒരുക്കുക. തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതിന് പോലീസിന്റെ ജനമൈത്രി, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് സംവിധാനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നടപടികളും ഉണ്ടാകും. റോഡ് ഉപയോക്താക്കള്‍ക്കുള്ള അറിയിപ്പുബോര്‍ഡുകള്‍ എല്ലാ ഭാഷകളിലും കൂടുതല്‍ പോയിന്റുകളില്‍ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട ഏജന്‍സികളുടെ സഹകരണത്തോടെ നടപടികള്‍ സ്വീകരിക്കും.
പാര്‍ക്കിങ് സൗകര്യങ്ങള്‍ സൗകര്യപ്രദമായും പരമാവധി വാഹനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിധത്തിലും ഏര്‍പ്പെടുത്തും. തീര്‍ത്ഥാടന കാലത്ത് സേനാംഗങ്ങളുടെ വിന്യാസം കൂടുതല്‍ ശാസ്ത്രീയമാക്കും. ആവശ്യത്തിന് പോലീസ് സേനാംഗങ്ങളെ വിന്യസിക്കാനും നടപടി സ്വീകരിക്കും. വേണ്ടത്ര റിസര്‍വ് സേനയെയും തയ്യാറാക്കി നിര്‍ത്തും. സുസജ്ജമായ പോലീസ് ആംബുലന്‍സ് സേവനവും ഏര്‍പ്പെടുത്തും. ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പോലീസ് സേനാംഗങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍ ദേവസ്വം ബോര്‍ഡ്, പൊതുമരാമത്ത് വകുപ്പ്, റോഡ് സുരക്ഷാ വിഭാഗം തുടങ്ങി വിവിധ ഏജന്‍സികളുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കാനും യോഗം തീരുമാനിച്ചു.
ശബരിമല ചീഫ് പോലീസ് കോര്‍ഡിനേറ്ററായി എ.ഡി.ജി.പി.നിതിന്‍ അഗര്‍വാളിനെ നാമനിര്‍ദേശം ചെയ്തു. തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവിധ പോലീസ് പദ്ധതിനിര്‍ദേശങ്ങള്‍ പ്രാദേശികാവശ്യങ്ങള്‍ കണക്കിലെടുത്തും ബന്ധപ്പെട്ട വിവിധ ഏജന്‍സികളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചും തയ്യാറാക്കി നല്കണമെന്ന് സംസ്ഥാന പോലിസ് മേധാവി നിര്‍ദേശിച്ചു. അടുത്ത പത്തു വര്‍ഷത്തെ തീര്‍ത്ഥാടനാവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് സമഗ്രമായ കാഴ്ചപ്പാടോടെയാകും പദ്ധതികള്‍ നടപ്പാക്കുക. ജില്ലാ പോലീസ് മേധാവിമാര്‍ പദ്ധതി നിര്‍ദ്ദേശങ്ങള്‍ ആഗസ്റ്റ് 15നകം നല്‍കണം.
എ.ഡി.ജി.പി.മാരായ ഡോ.ബി.സന്ധ്യ, നിതിന്‍ അഗര്‍വാള്‍, എസ്.ആനന്ദകൃഷ്ണന്‍, ഐ.ജി.മാരായ മനോജ് എബ്രഹാം, എസ്.ശ്രീജിത്ത്, എസ്.പി.മാരായ എ.അക്ബര്‍, എസ്.കാളിരാജ് മഹേഷ്‌കുമാര്‍, എ.വി.ജോര്‍ജ്, ജി.സോമശേഖരന്‍, എന്‍.രാമചന്ദ്രന്‍, ഹരിശങ്കര്‍, ഗോപാല്‍കൃഷ്ണന്‍.വി, അശോക്കുമാര്‍.പി, കമാന്‍ഡന്റ് പി.വി.വില്‍സണ്‍, ഡിവൈ.എസ്.പി. എസ്.അനില്‍കുമാര്‍, ഡെപ്യൂട്ടി കമാന്‍ഡന്റ് കെ.ടി.ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post