തിരുവനന്തപുരം: സ്‌കൂളുകളുടെയും അംഗന്‍വാടികളുടെയും സമീപം അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളുടെയും മറ്റും വിവരങ്ങള്‍ സ്ഥാപനമേധാവികള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ ഭരണാധികാരികള്‍ വീഴ്ച വരുത്തരുതെന്നുകാട്ടി പൊതുവിദ്യാഭ്യാസം, ഹയര്‍ സെക്കന്ററി,
സാമൂഹ്യനീതി വകുപ്പുകളുടെ ഡയറക്റ്റര്‍മാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ പരാതികള്‍ ലഭിക്കുകയോ അവ ശ്രദ്ധയില്‍ പെടുകയോ ചെയ്താല്‍ പഞ്ചായത്ത് രാജ് ആക്റ്റ്, മുനിസിപ്പാലിറ്റി ആക്റ്റ് എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരം മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനോ അപകടാവസ്ഥ ഒഴിവാക്കുന്നതിനോ ഉളള നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൈക്കൊള്ളേണ്ടതാണ്. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയും പഞ്ചായത്ത്, മുനിസിപ്പല്‍ ഡയറക്റ്റര്‍മാരും ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പുതിയേടത്ത് എ.എല്‍.പി സ്‌കൂളിനുമുകളില്‍ മരം വീണെന്ന മാധ്യമ വാര്‍ത്തയെത്തുടര്‍ന്ന് സ്വമേധയാ കൈക്കൊണ്ട നടപടിയിലാണ് കമ്മീഷന്‍ അധ്യക്ഷ ശ്രീമതി ശോഭാ കോശി, അംഗം ശ്രീ. കെ. നസീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
Discussion about this post