തിരുവനന്തപുരം: പണ്ഡിതരത്‌നം ഡോ.കെ.ചന്ദ്രശേഖരന്‍നായര്‍ രചിച്ച ഋഗ്വേദത്തിന്റെ ആധികാരിക വ്യാഖ്യാനമായ ഗുരുദക്ഷിണാഭാഷ്യം ഏഴും എട്ടും വോള്യങ്ങള്‍ പ്രകാശനം ചെയ്യുന്നു. ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഡോ.കെ.ചന്ദ്രശേഖരന്‍നായര്‍ ഋഗ്വേദഭാഷ്യം രചിച്ചിരിക്കുന്നത്. ഇതിന്റെ ഒന്നുമുതല്‍ ആറുവരെയുള്ള വോള്യങ്ങള്‍ നേരത്തേ പ്രകാശിപ്പിച്ചു കഴിഞ്ഞു. ഇതോടുകൂടി ഋഗ്വേദ ഗുരുദക്ഷിണാഭാഷ്യം പൂര്‍ണമാവുകയാണ്.
കേരള ഭാഷാഇന്‍സ്റ്റിട്യൂട്ട് ആണ് ഈഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. ജൂലൈ 22ന് വൈകുന്നേരം 6ന് കിഴക്കേകോട്ട തീര്‍ത്ഥപാദമണ്ഡപത്തില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീഭായി തമ്പുരാട്ടി, മുന്‍ ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍നായര്‍ ഐഎഎസ് എന്നിവര്‍ പ്രകാശനകര്‍മ്മം നിര്‍വഹിക്കും. ആര്‍.പാര്‍വതീദേവി, കവി സുദര്‍ശന്‍ കാര്‍ത്തികപ്പറമ്പില്‍ എന്നിവര്‍ ഗ്രന്ഥങ്ങള്‍ ഏറ്റുവാങ്ങും. കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ ഡോ.എം.ആര്‍.തമ്പാന്‍ അദ്ധ്യക്ഷനായിരിക്കുന്ന സമ്മേളനത്തില്‍ എന്‍.ജയകൃഷ്ണന്‍ (എഡിറ്റര്‍ ഋഗ്വേദഭാഷ്യം), ഡോ.എന്‍.എ.ശിഹാബ് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പ്രൊഫ.സി.ജി.രാജഗോപാല്‍ ഗ്രന്ഥകര്‍ത്താവിനെ ആദരിക്കും.
Discussion about this post