തിരുവനന്തപുരം: പഞ്ചായത്തുവകുപ്പിന്റെ സംസ്ഥാനതല അവലോകനയോഗം നടന്നു ഡിസംബറോടെ നികുതി കുടിശ്ശികയില്ലാത്തവിധം പഞ്ചായത്തുകളെ മാറ്റാന്‍ കാമ്പയിന്‍ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ അഭിപ്രായപ്പെട്ടു. പഞ്ചായത്തുവകുപ്പിന്റെ സംസ്ഥാനതല അവലോകനയോഗം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിഴപ്പലിശ ഒഴിവാക്കി നികുതിയടക്കാന്‍ അവസരം ഒരുക്കുന്നത് പരിഗണിക്കും. നികുതി കുടിശ്ശിക എത്രയും വേഗം പിരിച്ചെടുക്കാന്‍ ബൃഹദ് പദ്ധതിക്ക് രൂപം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളെ സ്വയംപര്യാപ്തമാക്കി ശാക്തീകരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പദ്ധതി നിര്‍വഹണത്തിന്റെ മേല്‍നോട്ടം കൃത്യമായി നടക്കുന്നുവെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ ഉറപ്പാക്കണം. കൃത്യമായ മേല്‍നോട്ടമില്ലെങ്കില്‍ പദ്ധതി നടത്തിപ്പിനെ ബാധിക്കും. പഞ്ചായത്തുവകുപ്പ് സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും അഴിമതിയും കാലതാമസവുമൊക്കെ മന്ത്രിതലത്തില്‍ അറിയിക്കാന്‍ പ്രത്യേക സോഫ്ട്‌വെയര്‍ തയാറാക്കുകയാണെന്നും മന്ത്രി അറിയിച്ചു. വകുപ്പില്‍ അഴിമതി വെച്ചുപൊറുപ്പിക്കില്ല. ജില്ലാതല പരാതികളില്‍ കുറ്റക്കാര്‍ക്കെതിരെ ഡി.ഡി.പിമാര്‍ കര്‍ശന നടപടിയെടുക്കണം. അനാവശ്യ കാലതാമസവും അഴിമതിപോലെ ഗൗരവമായി കാണണം.
പല പഞ്ചായത്തുകളും നഗരസമാനമായതിനാല്‍ മാലിന്യപ്രശ്‌നം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കൂടുതലായി കടന്നുവരുന്നുണ്ട്. തുറസ്സായ സ്ഥലത്ത് വിസര്‍ജനം ഒഴിവാക്കുന്ന ആദ്യ സംസ്ഥാനമെന്ന ബഹുമതി നേടാന്‍ രണ്ടുലക്ഷത്തിലധികം ശൗചാലയങ്ങള്‍ കൂടി ഉണ്ടാകേണ്ടതുണ്ട്. ഇതിനായി ഗ്രാമീണതലം മുതല്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചാല്‍ നവംബര്‍ ഒന്നിനകം ഈ നേട്ടം കൈവരിക്കാം. പഞ്ചായത്ത് നിയമങ്ങള്‍ ഓരോ പ്രദേശത്തും ഉദ്യോഗസ്ഥര്‍ വ്യത്യസ്തമായി വ്യാഖ്യാനിക്കുന്നത് ഒഴിവാക്കണം. സംശയമുണ്ടെങ്കില്‍ സ്പഷ്ടീകരണം വരുത്തിവേണം പ്രവര്‍ത്തിക്കാന്‍. എല്ലാവര്‍ഷവും ഒരു ദിവസമെങ്കിലും ഓറിയന്‍േറഷന്‍ ശില്‍പശാലകള്‍ പഞ്ചായത്തു സെക്രട്ടറിമാരും ഓവര്‍സിയര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് നടത്തും. ഇ.എം.എസ് ഭവനപദ്ധതി സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കുകയാണ്. വകുപ്പിലെ ഒഴിവുകള്‍ നികത്താനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കും. പദ്ധതി അംഗീകാരത്തിനുള്ള കാലാവധി ഈമാസം 31 വരെ നീട്ടി നല്‍കിയിട്ടുള്ളത് മറികടക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ്, പഞ്ചായത്ത് ഡയറക്ടര്‍ സി.എ. ലത, സ്‌റ്റേറ്റ് പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് ഓഫീസര്‍ ദിവാകരന്‍ പിള്ള, പഞ്ചായത്ത് അഡീ. ഡയറക്ടര്‍ ഈപ്പന്‍ ഫ്രാന്‍സിസ്, ജോയിന്റ് ഡയറക്ടര്‍ സി.എന്‍. ബാബു, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി.പി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Discussion about this post