തിരുവനന്തപുരം: പതിനൊന്ന് കെ.വി ലൈനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് ഗുരുതരമായി പൊളളലേറ്റ തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് മംഗലത്തുനട കൃഷ്ണ വിലാസത്തില്‍ രാമചന്ദ്രന്‍നായരുടെ മകന്‍ ഹരികൃഷ്ണന് സംസ്ഥാന വൈദ്യുതി ബോര്‍ഡ് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ ജെ. സന്ധ്യ, ഫാദര്‍ ഫിലിപ്പ് പരക്കാട്ട് എന്നിവരടങ്ങുന്ന ഫുള്‍ ബെഞ്ചിന്റെ ഉത്തരവനുസരിച്ചാണിത്. നഷ്ടപരിഹാരം നിര്‍ദ്ദേശിച്ചുളള കമ്മീഷന്റെ ഉത്തരവിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പൊതുജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷക്കായി എല്ലാ ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കും എ.ബി.സ്വിച്ചുകള്‍ ഘടിപ്പിക്കുന്നതും ട്രാന്‍സ്‌ഫോര്‍മര്‍ സ്റ്റേഷനുകളില്‍ മോള്‍ഡഡ് കേസ് സര്‍ക്യൂട്ട് ബ്രേക്കറുകള്‍ ഘടിപ്പിക്കുന്നതും പരിഗണനയിലാണെന്ന് ഊര്‍ജ്ജവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനെ അറിയിച്ചു. വൈദ്യുതിസംബന്ധമായ സുരക്ഷയെക്കുറിച്ച് ദൃശ്യശ്രാവ്യമാധ്യമങ്ങളിലൂടെയും പത്രങ്ങളിലൂടെയും ബോധ വല്‍ക്കരണം നടത്തിവരുന്നതായും സര്‍ക്കാര്‍ കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
Discussion about this post