പത്തനംതിട്ട: പടയണിയെ പുതിയ തലമുറ ഏറ്റെടുക്കണമെന്ന് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. ഡി.റ്റി.പി.സിയുടെ ആഭിമുഖ്യത്തില്‍ തിരുവല്ല സത്രം കോംപ്ലക്‌സില്‍ സംഘടിപ്പിച്ച ടൂറിസം ക്ലബ്ബിന്റെ ഏകദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനവും പടയണി കളരി പഠനഗ്രന്ഥത്തിന്റെ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പടയണിയെ ചിട്ടയായും ശാസ്ത്രീയമായും അപഗ്രഥനം ചെയ്ത് യുവതലമുറയ്ക്ക് പരിചയപ്പെടുത്തണം. പടയണി കളരികള്‍ ഇതിന് ഉപകരിക്കും. പടയണി എന്ന കലാരൂപത്തെ അര്‍ഹമായ രീതിയില്‍ പ്രോത്സാഹിപ്പിക്കാനും വളര്‍ത്തിയെടുക്കാനും കഴിഞ്ഞിട്ടില്ല. പടയണിയുമായി ബന്ധപ്പെട്ട് ജില്ലയുടെ പ്രസക്തി തിരിച്ചറിയാന്‍ വൈകി. ഇതിനു പരിഹാരം കാണണം. പടയണിയുടെ അവതരണം അന്തര്‍ദേശീയതലത്തില്‍ എത്തിക്കണം. കടമ്മനിട്ട രാമകൃഷ്ണനെയും പ്രൊഫ. കടമ്മനിട്ട വാസുദേവന്‍ പിള്ളയെയും പോലെയുള്ള പടയണി ആചാര്യന്മാര്‍ നമുക്കുണ്ട്. അവര്‍ പകര്‍ന്നുതന്ന അറിവുകള്‍ പുതിയ തലമുറയ്ക്ക് കൈമാറണം. ജില്ലയുടെ ടൂറിസം സാധ്യതകള്‍ പരമാവധി വിനിയോഗിക്കാനുള്ള ശ്രമങ്ങള്‍ ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറിന്റെ കാലത്തുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ടൂറിസം വ്യവസായത്തിന്റെ ഗുണഫലം നാട്ടിലെ സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലേക്ക് മാറിയിട്ടുണ്ടെന്ന് അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു. ഉത്തരവാദിത്ത ടൂറിസത്തിന് ജില്ലയില്‍ വലിയ സാധ്യതയുണ്ട്. ഇതിന്റെ പ്രധാന കേന്ദ്രമായി കുമരകം മാറിക്കഴിഞ്ഞു. സ്ഥലം കാണുന്നതിനല്ല മറിച്ച് നേരിട്ട് അനുഭവിച്ചറിയുന്നതിനാണ് വിനോദസഞ്ചാരികള്‍ ഇപ്പോള്‍ എത്തുന്നത്. ഈ വര്‍ഷത്തെ പടയണി കളരി സംഘടിപ്പിക്കുന്നതിന് റിപ്പോര്‍ട്ട് തയാറാക്കി നല്‍കാന്‍ ടൂറിസം ഡെപ്യുട്ടി ഡയറക്ടര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
തിരുവല്ല നഗരസഭാ കൗണ്‍സിലര്‍മാരായ വി.ജിജിഷ്‌കുമാര്‍, രാധാകൃഷ്ണന്‍ വേണാട്ട്, ടൂറിസം ഡെപ്യുട്ടി ഡയറക്ടര്‍ ഷാഹുല്‍ ഹമീദ്, മുന്‍ ഡെപ്യുട്ടി ഡയറക്ടര്‍ പി.ജി സുരേഷ്‌കുമാര്‍, പ്രൊഫ. കടമ്മനിട്ട വാസുദേവന്‍പിള്ള, പടയണി കളരി പ്രതിനിധി കുറ്റൂര്‍ പ്രസന്നകുമാര്‍, ടൂറിസം ക്ലബ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ തോമസ് എം.ഡേവിഡ്, ഡി.റ്റി.പി.സി സെക്രട്ടറി വര്‍ഗീസ് പുന്നന്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post