തിരുവനന്തപുരം: അനന്തപുരിയില്‍ വിഎച്ച്പി പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. ചേങ്കോട്ടുകോണം ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഭദ്രദീപം തെളിച്ചതോടെ പ്രതിനിധി സമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കമായി. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ ജി. മാധവന്‍നായര്‍ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന സഭയില്‍ വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്‍. കുമാര്‍ ആധ്യക്ഷനായിരുന്നു.
ധര്‍മാചാര്യന്മാരും സന്ന്യാസി ശ്രേഷ്ഠരും ഹൈന്ദവനേതാക്കളും ചേര്‍ന്ന് 52 വര്‍ഷം മുമ്പ് സനാതനധര്‍മസംസ്‌കാര സംരക്ഷണത്തിനായി മുംബൈയിലാണ് വിശ്വഹിന്ദുപരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചത്. അരനൂറ്റാണ്ടിന്റെ പ്രവര്‍ത്തനപാരമ്പര്യം സമഗ്രമായി ആവാഹിച്ചെടുത്ത പ്രൗഢഗംഭീരമായ സദസ്സിലാണ് പ്രതിനിധിസമ്മേളനം ആരംഭിച്ചത്.
ജാതിമതഭേദമെന്യേ ഹിന്ദുക്കളെ ഒരുമിപ്പിച്ച് സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വിശ്വഹിന്ദു പരിഷത്തെന്ന് അദ്ദേഹം പറഞ്ഞു. 52 വര്‍ഷം മുമ്പ് സ്ഥാപിതമായ വിഎച്ച്പി ഇന്ന് ലോകം മുഴുവനും വ്യാപിച്ച വലിയൊരു ആല്‍വൃക്ഷമായിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു.
പട്ടികജാതി,വര്‍ഗക്കാരുടെയും സാമ്പത്തിക പരാധീനതകളനുഭവിക്കുന്നവരുടെയും പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പരിഹരിക്കാന്‍ വിഎച്ച്പിക്ക് കഴിയുന്നുണ്ട്. വനവാസി മേഖലയില്‍ വിഎച്ച്പിയുടെ അനേകായിരം ഏകല്‍ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ജൈവകൃഷി പ്രോത്സാഹിപ്പിച്ച് നെല്ലും പച്ചക്കറികളും ഇവിടെത്തന്നെ ഉത്പാദിപ്പിച്ച് കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് വിഎച്ച്പി മുന്‍കയ്യെടുക്കണം. അദ്ദേഹം പറഞ്ഞു.
സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, സ്വാമി സുകുമാരാനന്ദ, സ്വാമി മഹേശ്വരാനന്ദ എന്നിവര്‍ സമ്മേളനത്തിന് ആശംസയര്‍പ്പിച്ചു. സന്ന്യാസിശ്രേഷ്ഠന്മാരെ വിഎച്ച്പി സംസ്ഥാന നേതാക്കള്‍ ആദരിച്ചു. ആര്‍എസ്എസ് വിഭാഗ് സംഘചാലക് പ്രൊഫ എം.എസ്. രമേശന്‍, വിഎച്ച്പി ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി വിനായക റാവുദേശ്പാണ്‌ഡെ, ക്ഷേത്രീയ സെക്രട്ടറി കെ.എന്‍. വെങ്കിടേഷ്, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബി.ആര്‍. ബലരാമന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന്‍, നേതാക്കളായ പി. നാഗരാജ്, സരളാ എസ്. പണിക്കര്‍, ആര്‍.കെ. ഹരികുമാര്‍, ജെ. മോഹന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് വി.റ്റി. ബിജു സ്വാഗതവും ജില്ലാ സെക്രട്ടറി കെ.എസ്. റെജി നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ഇന്ന് വൈകുന്നേരം സമാപിക്കും.
Discussion about this post