കോഴിക്കോട്: ഓണത്തിനുശേഷം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ട്രഷറിയിലിടുന്ന രീതി ആവിഷ്‌കരിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക്. കോഴിക്കോട് കൂരാച്ചുണ്ടില്‍ സംസ്ഥാനത്തെ 199 മത് സബ് ട്രഷറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രഷറിയിലെ പണത്തില്‍ നിന്ന് ജീവനക്കാര്‍ക്ക് എത്രവേണമെങ്കിലും പിന്‍വലിക്കാം. സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യാം. ട്രഷറിയില്‍ നിലനിര്‍ത്തിയാല്‍ ബാങ്കിനേക്കാള്‍ ഒരു ശതമാനം അധികം പലിശ ലഭിക്കും എന്ന മെച്ചമുണ്ട്. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമായി ഒരു വര്‍ഷം 30,000 കോടി രൂപയാണ് നല്‍കുന്നത്. ഇതില്‍ മൂന്നിലൊന്ന് തുകയെങ്കിലും ട്രഷറിയില്‍ നിലനിര്‍ത്താമെന്നാണ് സര്‍ക്കാര്‍ പ്രത്യാശിക്കുന്നത്. ഈ പണം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനാവും.
ഇപ്പോള്‍ ട്രഷറിയിലിട്ട പണം അതേ ട്രഷറിയില്‍ നിന്നുതന്നെ പിന്‍വലിക്കണമെന്നുണ്ട്. എന്നാല്‍, കോര്‍ബാങ്കിങ് സംവിധാനം ട്രഷറിയില്‍ കൂടി ഏര്‍പ്പെടുത്തുന്നതോടെ ഏത് ട്രഷറിയില്‍ നിന്നും പണം പിന്‍വലിക്കാനാവും. പുതുതായി ആരംഭിക്കാന്‍ പോകുന്ന ബാങ്ക് കൂടി വന്നാല്‍ സര്‍ക്കാറിന്റെ ധനവിനിയോഗം കൂടുതല്‍ മെച്ചപ്പെടും.
16,000 കച്ചവടക്കാരാണ് നികുതിയുടെ 85 ശതമാനവും സര്‍ക്കാറിലേക്ക് അടക്കുന്നതെന്നും സാധനം വാങ്ങുമ്പോള്‍ ബില്‍ വാങ്ങുന്നത് ശീലമാക്കി സര്‍ക്കാറിനോട് സഹകരിക്കണമെന്നും മന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിന്‍സി തോമസ്, ട്രഷറി ഡയറക്ടര്‍ ജെ.സി ഷീല, ജില്ലാ ട്രഷറി ഓഫീസര്‍ പി. സവിതാദേവി തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post