തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ അധിക ചാര്‍ജ് ഈടാക്കിയാല്‍ നടപടിയെടുക്കാന്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍ദ്ദേശിച്ചു. ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് ഓണ്‍ലൈനായി സ്വീകരിക്കാന്‍ സോഫ്റ്റ് വെയറില്‍ പരിഷ്‌കരണം വരുത്താന്‍ ബന്ധപ്പെട്ടവരെ മന്ത്രി ചുമതലപ്പെടുത്തി. റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ജനസൗഹൃദമാക്കാനും ജനങ്ങളുടെ ആവശ്യങ്ങള്‍ യഥാസമയം നടത്തികൊടുക്കാനും ഉദ്യോഗസ്ഥര്‍ കൂടുതല്‍ കാര്യക്ഷമമായി സഹകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ വകുപ്പുകളുടെ മാതൃവകുപ്പാണ് റവന്യൂ. ദൈനംദിന ജീവിതത്തിലെ 24 സാക്ഷ്യ പത്രങ്ങള്‍ നല്‍കേണ്ട ചുമതല ഈ വകുപ്പിന് മാത്രമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ചടുലമായി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. റവന്യൂ വകുപ്പിലെ പ്രധാന ജോലികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ട്. അത് കൂടുതല്‍ ഫലപ്രദവും വ്യാപകവുമാക്കാന്‍ സംവിധാനങ്ങള്‍ തയ്യാറായി വരികയാണ്. പോക്കുവരവ്, സംയോജിത ലാന്‍ഡ് റെക്കോഡ് സംവിധാനം തുടങ്ങി സ്മാര്‍ട്ട് വില്ലേജ് വരെയുള്ള പ്രവര്‍ത്തനം ലക്ഷ്യമാക്കി ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എം.സി. മോഹന്‍ദാസ്, ജോയിന്റ് കമ്മീഷണര്‍ എന്‍. പത്മകുമാര്‍, ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി ഭാസ്‌കരന്‍, റവന്യൂ കമ്മീഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post