തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ ശ്രീകോവിലില്‍നിന്ന് ആഭരണങ്ങളും രത്‌നങ്ങളും മോഷണം പോയതായ വാര്‍ത്തയെക്കുറിച്ച് സമഗ്ര അന്വേഷണത്തിന് ഉത്തരവിടണമെന്ന് അപേക്ഷിച്ചുകൊണ്ട് സുപ്രീംകോടതിയെ സമീപിക്കാന്‍ ക്ഷേത്ര ഭരണസമിതി യോഗം തീരുമാനിച്ചു.
ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍നിന്ന് ലക്ഷക്കണക്കിന് രൂപ വില മതിക്കുന്ന ആഭരണങ്ങളും രത്‌നങ്ങളും മോഷണം പോയതായി ഉദ്യോഗസ്ഥരാരും ക്ഷേത്ര ഭരണസമിതിയെ അറിയിച്ചിട്ടില്ല. കോടിക്കണക്കിന് രൂപയുടെ മുതലുകള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച് പോലീസ്‌കേസ് കൊടുത്തു എന്ന പത്രവാര്‍ത്തയെത്തുടര്‍ന്നാണ് ഭരണസമിതി യോഗം അടിയന്തിരമായി ചേര്‍ന്നത്. 2015 ഡിസംബര്‍ 17നാണ് ഉപ്പാര്‍ണം നരസിംഹന്‍ കുമാര്‍ പെരിയനമ്പിയുടെ കാലാവധി അവസാനിച്ചത്. എന്നാല്‍, അന്ന് ചുമതല കൈമാറുന്നതിന് മുന്നോടിയായി ശ്രീകോവിലിനുള്ളിലെ മുതലുകളെ സംബന്ധിച്ച് എന്തെങ്കിലും ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടത്തിയതായി അറിയില്ല. അതിനുശേഷം ഈ നമ്പിയെ രണ്ടുമാസം കൂടി തുടരാന്‍ അനുവദിച്ചതും ഏതു സാഹചര്യത്തിലാണെന്ന് ഭരണസമിതിക്ക് അറിയില്ല.
2015 ആഗസ്റ്റ് 20നാണ് പഞ്ചഗവ്യത്തു നമ്പിയായി വാസുദേവന്‍ നാരായണന്‍ ചുമതലയേറ്റത്. അടുത്തുവരുന്ന ഉല്‍സവം വരെ മുഴുവന്‍ കാര്യങ്ങളും തന്റെ ചുമതലയില്‍ നിര്‍വഹിക്കാനുള്ള പരിചയമില്ലാത്തതിനാല്‍ പെരിയനമ്പിയുടെ സേവനം അടുത്ത ഉല്‍സവം വരെ നീട്ടി നല്‍കുന്നതായിരിക്കും ഉചിതമെന്ന് ഭരണസമിതി ചെയര്‍പേഴ്‌സണ്‍ മുമ്പാകെ നിവേദനം നല്‍കിയിരുന്നു. അതനുസരിച്ച് 2016 മാര്‍ച്ച് ഒന്നിന് പെരിയനമ്പിയുടെ സേവനം വരുന്ന ഉല്‍സവകാലം വരെ തുടരാന്‍ അനുവദിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഭരണസമിതി നിര്‍ദേശം നല്‍കുകയും ചെയ്തു. പഞ്ചഗവ്യത്തു നമ്പിയുടെ ആവശ്യപ്രകാരം മാത്രമേ നരസിംഹന്‍ കുമാറിന്റെ കാലാവധി നീട്ടാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളൂ.
2016 ഏപ്രില്‍ 22ന് പെരിയനമ്പി നരസിംഹകുമാര്‍ ചുമതലയൊഴിയുകയും ചെയ്തു. എന്നാല്‍, ഡിസംബര്‍ മുതല്‍ ഏപ്രില്‍ 22 വരെയുള്ള അഞ്ചുമാസങ്ങളില്‍ ഒരിക്കല്‍പോലും ക്ഷേത്രശ്രീകോവിലിനുള്ളില്‍ കണക്കെടുപ്പ് നടന്നതായി അറിയില്ല. അതിനുമുമ്പ്, 2015 സെപ്റ്റംബര്‍ഒക്‌ടോബര്‍ മാസങ്ങളില്‍ പത്മനാഭ സ്വാമിയുടെ സ്വര്‍ണ ഉടയാടകള്‍ അഴിച്ചുകേടുപാടുകള്‍ തീര്‍ക്കുകയും പോളിഷ് ചെയ്യുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പണിക്കാര്‍ ഉള്ളപ്പോള്‍തന്നെ ശ്രീകോവിലിന് അകത്തുള്ള അമൂല്യ വസ്തുക്കളുടെ ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടത്താമായിരുന്നു. അങ്ങനെ ഒരു വിവരവും ഭരണസമിതിക്ക് ലഭിച്ചിട്ടില്ല. ക്ഷേത്രത്തിന്റെ അംഗീകൃത നടപടിക്രമപ്രകാരം ഒരു നമ്പി സ്ഥാനമൊഴിയുമ്പോള്‍ മുതല്‍പ്പടി (ട്രഷറര്‍) ശ്രീകോവിലിലെ സ്വത്തുക്കള്‍ മുഴുവന്‍ പുറത്തുപോകുന്ന നമ്പിയില്‍നിന്ന് ഏറ്റെടുക്കുകയും പുതുതായി വരുന്ന ആളിന് ഒരു മഹസര്‍ മുഖാന്തിരം ഏല്‍പ്പിക്കുകയും ചെയ്യണം. ഏപ്രില്‍ 22ന് ഇതു ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമല്ല. ക്ഷേത്രമുതല്‍ പഴയനമ്പിയില്‍നിന്ന് ക്ഷേത്രം ഏറ്റെടുത്തശേഷം നിത്യപൂജക്കായി പുതിയനമ്പിക്ക് കൈമാറുകയാണ് പതിവ്. അങ്ങനെയൊരു നടപടിക്രമം സ്വീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇപ്പോള്‍ എത്ര മുതലാണ് നഷ്ടപ്പെട്ടതെന്നും എപ്രകാരമാണ് നഷ്ടപ്പെട്ടതെന്നും ഭരണസമിതിയെ അറിയിച്ചിട്ടില്ല. ഏപ്രില്‍ 22ന് നരസിംഹന്‍കുമാര്‍ പോയതിനുശേഷം നാലുമാസം കഴിഞ്ഞിട്ടാണ് ക്ഷേത്രത്തിന്റെ മുതല്‍ നഷ്ടപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഇത് ദുരൂഹമാണ്. ഈ സാഹചര്യത്തിലാണ് അടിയന്തിരയോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് ഭരണസമിതി അറിയിച്ചു
Discussion about this post