തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സമയ ബന്ധിതമായി സഹായം ലഭ്യമാക്കുന്നതിനും അവരുടെ സ്ഥിതി വിവര കണക്കുകള്‍ ശേഖരിക്കുന്നതിനും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ സ്റ്റുഡന്റ് രജിസ്‌ട്രേഷന്‍ മോഡ്യൂള്‍ ആരംഭിച്ചു.
കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ MADAD എന്ന പോര്‍ട്ടലിലാണ് സ്റ്റുഡന്റ് രജിസ്‌ട്രേഷന്‍ മോഡ്യൂള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ തങ്ങളെ സംബന്ധിക്കുന്ന വിവരങ്ങള്‍ മോഡ്യൂളില്‍ സ്വയം രേഖപ്പെടുത്താം. ഇത്തരത്തില്‍ രജിസ്റ്റര്‍ചെയ്യുന്നതു മൂലം ആഗോള തലത്തില്‍ വിവിധ രാജ്യങ്ങളിലെ വിവിധ കോഴ്‌സുകളുടെ വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും. കൂടാതെ വിവിധ രാജ്യങ്ങളിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നതിനും ഉപയോഗപ്രദമായ വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും വിദേശത്തു പോയി ഉപരി പഠനം നടത്താന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും ലഭിക്കും.
സ്റ്റുഡന്റ് രജിസ്‌ട്രേഷന്‍ മോഡ്യൂള്‍ വിവിധ ഇന്‍ഡ്യന്‍ അസോസിയേഷനുകളുടെയും ഫേസ്ബുക്ക് പേജുകളുമായി ബന്ധപ്പെടുത്തിക്കൊണ്ടും ഓരോ രാജ്യത്തുമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ഉപദേശകരെ നിയോഗിച്ചു കൊണ്ടും ഉടനെ തന്നെ വിപുലപ്പെടുത്തുന്നതാണെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കൂടാതെ വിവിധ രാജ്യങ്ങളിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു കൂടി ഇത് ബന്ധിപ്പിക്കുന്നതിനും ആലോചനയുണ്ട്.
Discussion about this post