തിരുവനന്തപുരം: ഭരണ മാധ്യമം മാതൃഭാഷയായ മലയാളത്തിലാണെന്ന് അതത് വകുപ്പധ്യക്ഷന്‍മാര്‍ ഉറപ്പുവരുത്തേണ്ടതും ഇതിലേക്കുള്ള നടപടികള്‍ അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കേണ്ടതുമാണെന്ന് നിര്‍ദ്ദേശിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ഭരണഭാഷ മലയാളമാക്കുന്നത് സംബന്ധിച്ച ഉത്തരവുകളും നിര്‍ദ്ദേശങ്ങളും ലംഘിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കേരള സിവില്‍ സര്‍വീസസ് ചട്ടപ്രകാരവും വിവിധ സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരവും അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതത് വകുപ്പുകളില്‍ രൂപീകരിച്ച പരിഭാഷ സെല്ലില്‍ കോഡുകള്‍, മാന്വലുകള്‍, ചട്ടങ്ങള്‍, ഫോറങ്ങള്‍ എന്നിവ അടിയന്തരമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി അംഗീകാരത്തിനായി ഔദ്യോഗികഭാഷ വകുപ്പില്‍ മൂന്ന് മാസത്തിനുള്ളില്‍ തന്നെ ലഭ്യമാക്കണം.
സെക്രട്ടേറിയറ്റിലെ ഭരണവകുപ്പുകള്‍, സെക്രട്ടേറിയറ്റിതര വകുപ്പുകള്‍, പൊതുമേഖല/അര്‍ദ്ധസര്‍ക്കാര്‍/സ്വയംഭരണ/സഹകരണ സ്ഥാപനങ്ങളില്‍ നിന്നും പുറപ്പെടുവിക്കുന്ന എല്ലാ വിധ ഉത്തരവുകളും, സര്‍ക്കുലറുകളും, മറ്റു കത്തിടപാടുകളും മലയാളത്തില്‍ മാത്രമായിരിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഇതരസ്ഥാപനങ്ങളിലും, ഔദ്യോഗികഭാഷ സംബന്ധിച്ച് വകുപ്പ്തല സമിതി, വകുപ്പുതല ഏകോപന സമിതി, ജില്ലാതല ഔദ്യോഗിക ഭാഷാ സമിതി എന്നിവ രൂപീകരിക്കണമെന്നും സമയാസമയങ്ങളില്‍ യോഗം ചേരണമെന്നും ഭാഷാമാറ്റ പുരോഗതി റിപ്പോര്‍ട്ട് കൃത്യസമയങ്ങളില്‍ തയാറയാക്കി ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ നിരവധി തവണ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
പേഴ്‌സണല്‍ രജിസ്റ്റര്‍, ഹാജര്‍ പുസ്തകം എന്നിവയടക്കമുള്ള രജിസ്റ്ററുകളും പൂര്‍ണമായും മലയാളത്തില്‍ കൈകാര്യം ചെയ്യേണ്ടതാണ്. ഇതിനായി കര്‍മ്മപരിപാടി തയ്യാറാക്കി ഭാഷാമാറ്റ പുരോഗതി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തേണ്ടതാണ്. ഭരണഭാഷ ശ്രേഷ്ഠഭാഷയായ മലയാളത്തിലായിരിക്കണമെന്ന സര്‍ക്കാര്‍ നയം പൂര്‍ണമായും നടപ്പില്‍ വരുത്തുന്നതിലേക്ക് എല്ലാ വകുപ്പുതലവന്മാരും ഓഫീസ് മേലധികാരികളും തങ്ങളുടെ വകുപ്പിലെ ജീവനക്കാരുടെ യോഗം വിളിച്ചു കൂട്ടി ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതും ആയത് പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്. ഭരണഭാഷാ സംബന്ധമായ സര്‍ക്കാര്‍ നയം പ്രാവര്‍ത്തികമാക്കുന്നതിനക്ക് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകളും, നടപടികളും ഔദ്യോഗികഭാഷാ വകുപ്പ് അടിയന്തരമായി പരിശോധിക്കും.
ഔദ്യോഗിക ഭാഷ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഭരണഭാഷ മാതൃഭാഷ നയത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വിമുഖത സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഭരണഭാഷ പൂര്‍ണമായും മാതൃഭാഷയായ മലയാളത്തിലായിരിക്കണ മെന്നതാണ് സര്‍ക്കാരിന്റ പ്രഖ്യാപിത ലക്ഷ്യം ഇതിലേക്കുള്ള ഉത്തരവുകളും സര്‍ക്കുലറുകളും കര്‍ശനമായി പാലിക്കണമെന്നും ഇംഗ്ലീഷ് ഔദ്യോഗികഭാഷയായി ഉപയോഗിക്കേണ്ടതായ സാഹചര്യങ്ങളില്‍ കുറിപ്പ് ഫയല്‍ മലയാളത്തിലായിരിക്കണമെന്നും മറ്റെല്ലാ ഔദ്യോഗികാവശ്യങ്ങള്‍ക്കും മലയാളം മാത്രമേ ഉപയോഗിക്കാന്‍ പാടുളളൂവെന്നും വിവിധ സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുന്നതിലേക്കുള്ള ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ സെക്രട്ടേറിയറ്റിലെ ഭരണവകുപ്പുകള്‍, സെക്രട്ടേറിയറ്റിതര വകുപ്പുകള്‍, പൊതുമേഖല/അര്‍ദ്ധ സര്‍ക്കാര്‍/സ്വയംഭരണ/സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഭാഗത്തുനിന്നും ഗൗരവതരമായ സമീപനമല്ല ഉണ്ടാകുന്നതെന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള സാഹചര്യത്തിലാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്.
Discussion about this post