കൊച്ചി: സാങ്കേതിക മുന്നേറ്റത്തിനൊപ്പം മനുഷ്യത്വപരമായ വീക്ഷണത്തിനും പ്രാധാന്യം നല്‍കണമെന്ന് ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം. കൊച്ചി റിഫൈനറി സ്‌കൂള്‍ അമ്പതാം സ്ഥാപക ദിനാഘോഷം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യത്വമില്ലാത്ത വികസനവും പുരോഗതിയും സമൂഹത്തില്‍ അസമത്വം സൃഷ്ടിക്കും. അറിവും മാനുഷിക മൂല്യങ്ങളും സവിശേഷമായി സമ്മേളിക്കുന്ന സമൂഹമായിരിക്കണം നമ്മുടെ ലക്ഷ്യം. സമൂഹത്തിന്റെ മൊത്തത്തിലുള്ള വികസനം ലക്ഷ്യമാക്കി വേണം സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍. വിദ്യാഭ്യാസത്തിലൂടെ ഇത്തരം മൂല്യങ്ങളും ആശയങ്ങളും വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ കഴിയണം. പഠിച്ച് വലിയ സ്ഥാനങ്ങളെത്തുമ്പോഴും പഠിച്ച സ്ഥാപനത്തെയും രക്ഷിതാക്കളെയും അധ്യാപകരെയും വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
1966ല്‍ റിഫൈനറി ജീവനക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായാണ് റിഫൈനറി സ്‌കൂള്‍ സ്ഥാപിതമായത്. ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള എല്ലാ പ്രയത്‌നങ്ങളും ഇവിടെ കാണാം. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 40,000 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആധുനിക കാലത്തെ വികസനത്തിനും മുന്നേറ്റത്തിനും അനുസരിച്ച് സ്‌കൂള്‍ വിദ്യഭ്യാസം മികച്ചതാക്കി നിലനിര്‍ത്തേണ്ടതിന്റെ ഉത്തരവാദിത്തം സമൂഹത്തിന് മുഴുവനുമുണ്ട്. സര്‍ക്കാര്‍ സ്‌കൂളികളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെത്തുന്നത് പ്രതീക്ഷാവഹമാണ്. സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് റിഫൈനറി സ്‌കൂള്‍ മാനേജ്‌മെന്റും അധ്യാപകരും രക്ഷാകര്‍ത്താക്കളും നടത്തുന്ന കൂട്ടായ പ്രവര്‍ത്തനം മാതൃകയാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ദ റിഫൈനിയന്‍ എന്ന സ്‌കൂള്‍ മാഗസിന്റെ പ്രത്യേക പതിപ്പ് ഗവര്‍ണ്ണര്‍ പ്രകാശനം ചെയ്തു. സ്‌കൂളിന്റെ 50 വര്‍ഷത്തെ വളര്‍ച്ച ചിത്രീകരിക്കുന്ന സ്‌കൂളിലെ അലുംമ്‌നി അസോസിയേഷന്‍ തയാറാക്കിയ ഡോക്യുമെന്ററിയും പുതിയ സ്‌കൂള്‍ കോംപ്ലക്‌സിന്റെ മാതൃകയും അദ്ദേഹം പ്രകാശനം ചെയ്തു. പുരസ്‌കാരം നേടിയ മികച്ച വിദ്യാര്‍ഥികളായ അശ്വിന്‍ രാംദാസ്, എസ്. നമിത, സച്ചിന്‍ കെ. അരവിന്ദ്, നിഖില്‍ എസ്, ജെ. അമൃത, അഖില്‍ സുന്ദര്‍, മീര സുനില്‍, പി. മീര, ദര്‍ശന ഹരി, നേഹ എന്നിവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ഗവര്‍ണ്ണര്‍ വിതരണം ചെയ്തു.
ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഏകപോംവഴി വിദ്യാഭ്യാസമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ല കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള പറഞ്ഞു.
വിമോചനത്തിനുള്ള വലിയ ശക്തിയാണത്. റിഫൈനറി സ്‌കൂള്‍ ഈ മൂല്യങ്ങളെല്ലാം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിപിസിഎല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ. പണിക്കര്‍, ജനറല്‍ മാനേജര്‍ ആന്‍ഡ് സ്‌കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ എം.വി. പ്രഭാകരന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാല ബി. മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Discussion about this post