തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്ന ചുമതല സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍/സംഘങ്ങള്‍ ഏറ്റെടുക്കുന്നു. അഞ്ചിനം ക്ഷേമ പെന്‍ഷന്‍ പദ്ധതികളിലായി 37 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് മൂവായിരം കോടി രൂപയാണ് ഓണത്തിന് മുമ്പ് വീടുകളില്‍ എത്തിക്കുന്നത്. 2016 മുതല്‍ വര്‍ധിപ്പിച്ച നിരക്കിലുള്ള പെന്‍ഷന്‍ പണമാണ് കുടിശിക സഹിതം എത്തിക്കുന്നത്.
പരീക്ഷണാര്‍ത്ഥം മയ്യനാട് പഞ്ചായത്തില്‍ നടപ്പാക്കിയ പദ്ധതി സംസ്ഥാനതലത്തില്‍ നടപ്പാക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന ആശങ്കകളും സംശയങ്ങളും തീര്‍ക്കാനും എല്ലാ ജില്ലകളിലും വിശദാംശങ്ങള്‍ നല്‍കുന്നതിനുമായി തിരുവനന്തപുരം, കൊല്ലം ജില്ലയിലെ സഹകരണ ബാങ്ക് പ്രതിനിധികളുടെ യോഗം ജവഹര്‍ സഹകരണ ഭവനില്‍ സഹകരണടൂറിസം മന്ത്രി എ.സി. മെയ്തീന്‍ ഉദ്ഘാടനം ചെയ്തു.
സഹകരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പി. വേണുഗോപാല്‍, ധനകാര്യ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പ്രകാശ് എന്നിവര്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് ഡയറക്ടറേറ്റിലെ ഡി.ബി.റ്റി സെല്‍ തയ്യാറാക്കുന്ന ഗുണഭോക്താക്കളുടെ പട്ടികയുടേയും വിശദാംശങ്ങളുടേയും അടിസ്ഥാനത്തില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ സംവിധാനം ചെയ്തിട്ടുള്ള സോഫ്റ്റ്‌വെയര്‍ മുഖേനയാണ് പെന്‍ഷന്‍ വിതരണം. ഡി.ബി.റ്റി സെല്ലിന്റെ എസ്.ബി.റ്റി അക്കൗണ്ടിലുള്ള പണം ആര്‍.റ്റി.ജി.എസ് വഴി ഡി.സി.ബികളുടെ അക്കൗണ്ടിലേക്കും തുടര്‍ന്ന് ഗുണഭോക്താക്കള്‍ക്ക് ഡി.സി.ബി വിതരണം ചെയ്യാന്‍ ചുമതലപ്പെടുത്തിയ പ്രാഥമിക സംഘം/ബാങ്കിന്റെ അക്കൗണ്ടിലേക്കും എത്തും. അതിനുശേഷം അവര്‍ നിയോഗിക്കുന്നവര്‍ മുഖാന്തിരം വീടുകളില്‍ നേരിട്ട് എത്തിക്കും.
ബാങ്കുകളില്‍ ഇതിനായി നോഡല്‍ ആഫീസര്‍മാരെ ചുമതലപ്പെടുത്താനും തുക വിതരണം ചെയ്യുന്ന പ്രാഥമിക സഹകരണ സംഘങ്ങളും ബാങ്കുകളും വിവര സാങ്കേതിക വിദ്യാ പരിജ്ഞാനമുള്ള രണ്ട് നോഡല്‍ ആഫീസര്‍മാരെ വീതം നിയോഗിക്കാനും സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദ്ദേശം നല്‍കി. അതോടൊപ്പം പദ്ധതിയുടെ മോണിറ്ററിംഗിനായി സംസ്ഥാന/ജില്ല/താലൂക്ക്/സംഘം തലത്തില്‍ മോണിറ്ററിംഗ് കമ്മിറ്റികളും രൂപീകരിക്കും. സംശയ നിവാരണത്തിന് ഹെല്‍പ്പ് ഡസ്‌ക്, റിപ്പോര്‍ട്ടിംഗിന് പ്രത്യേക സംവിധാനവുമുണ്ട്. പദ്ധതി ആഗസ്റ്റ് 22 ന് പ്രാബല്യത്തില്‍ വരും.
Discussion about this post