കൊല്ലം: ഇടനിലക്കാരെ ഒഴിവാക്കി തോട്ടണ്ടി നേരിട്ട് ഇറക്കുമതി ചെയ്ത് കാപ്പെക്‌സിന്റെയും കശുവണ്ടി വികസന കോര്‍പ്പറേഷന്റെയും ഫാക്ടറികള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഫിഷറീസ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പെരുമ്പുഴ കാപ്പെക്‌സ് ഫാക്ടറി അങ്കണത്തില്‍ കാപ്പെക്‌സ് ഫാക്ടറികളുടെ പുനര്‍പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കശുവണ്ടി വ്യവസായ മേഖലയില്‍ ശക്തമായി ഇടപെടാന്‍ കഴിയുന്ന സ്ഥാപനങ്ങളായി ഇവ രണ്ടും മാറ്റിയെടുക്കുക്കേണ്ടതുണ്ട്. നേരിട്ടുള്ള കശുവണ്ടി ഇറക്കുമതിക്ക് കോര്‍പ്പറേഷനും കാപ്പെസ്‌കും കൂട്ടായി പ്രവര്‍ത്തിക്കണം. കശുവണ്ടി ഇറക്കുമതി ചെയ്യുന്നതിനുവേണ്ട പണം സര്‍ക്കാര്‍ ലഭ്യമാക്കും. ഓഗസ്റ്റ് 23നുള്ളില്‍ കാപ്പെക്‌സിന്റെ പത്തു ഫാക്ടറികളും തുറന്നു പ്രവര്‍ത്തിക്കും. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ഇതിനോടകം 30 ഫാക്ടറികള്‍ തുറന്നിട്ടുണ്ട്. ഫാക്ടറികളുടെ നവീകരണത്തിനായി ഇത്തവണത്തെ ബജറ്റില്‍ വകയിരുത്തിയ 100 കോടി രൂപയില്‍ 25 കോടി രൂപ ഇതിനോടകം അനുവദിച്ചിട്ടുണ്ട്. നിലവില്‍ കോര്‍പ്പറേഷനിലും കാപ്പെക്‌സിലുംകൂടി ആകെ 16000 ഓളം തൊഴിലാളികളുണ്ടാകും. അവരുടെ ശേഷി പൂര്‍ണമായും വിനിയോഗിച്ചാലേ ലക്ഷ്യം കൈവരിക്കാനാകൂ. അവര്‍ക്ക് ന്യായമായ ശമ്പള പരിഷ്‌കരണം നടപ്പാക്കണം. ഓണം കഴിഞ്ഞാല്‍ അധികമായി വേണ്ടിവരുന്ന തൊഴിലാളികളെ എടുക്കണം. എല്ലാ ദിവസവും അവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് ആവശ്യത്തിന് തോട്ടണ്ടി വേണം. ഓണം കഴിഞ്ഞ് നേരിട്ട് തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിന് രണ്ടു മാനേജ്‌മെന്റുകളും നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്മന്ത്രി പറഞ്ഞു. ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എം പി, മുന്‍ എം എല്‍ എ എ.എ. അസീസ്, ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാനേജിംഗ് ഡയറക്ടര്‍ ആര്‍ രാജേഷ് സ്വാഗതവും ഫാക്ടറി മാനേജര്‍ ഹസീനാ ബീവി നന്ദിയും പറഞ്ഞു.
Discussion about this post