തിരുവനന്തപുരം: ലഭ്യമായ സ്ഥലങ്ങളില്‍ പരമാവധി കൃഷി ചെയ്യാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. രാജ്ഭവന്‍ വളപ്പിലെ ജൈവകൃഷി പച്ചക്കറിത്തൈ നട്ട് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവരവര്‍ക്കുള്ള പച്ചക്കറി കൃഷി ചെയ്താല്‍ അന്യസംസ്ഥാനങ്ങളെ ഇക്കാര്യത്തില്‍ ആശ്രയിക്കേണ്ടിവരില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറുടെ പത്‌നി സരസ്വതി സദാശിവം, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, തുടങ്ങിയവര്‍ പച്ചക്കറിത്തൈ നട്ടു.
നല്ലൊരു മാതൃകയാണ് ഗവര്‍ണറുടെ നേതൃത്വത്തില്‍ രാജ്ഭവനില്‍ ആരംഭിച്ചിരിക്കുന്ന ജൈവകൃഷിയെന്നും നാട്ടിലെല്ലാവര്‍ക്കുമുള്ള സന്ദേശമാണിതെന്നും കൃഷിമന്ത്രി അഭിപ്രായപ്പെട്ടു. എല്ലാവരെയും കൃഷിക്കാരാക്കുന്ന കര്‍മപരിപാടിയാണ് വകുപ്പ് നടപ്പാക്കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്ഭവന്‍ വളപ്പില്‍ 40 സെന്റിലാണ് ജൈവപച്ചക്കറി കൃഷി ആരംഭിച്ചിരിക്കുന്നത്. കുടപ്പനക്കുന്ന് കൃഷി ഭവനുകീഴിലുള്ള കാര്‍ഷിക കര്‍മ്മസേനയാണ് കൃഷിയുടെ മേല്‍നോട്ട ചുമതല. രാജ്ഭവന്‍ സെക്രട്ടറി ദേവേന്ദ്രകുമാര്‍ ദൊഡാവത്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്.കെ. സുരേഷ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ജി. ജയശ്രീ, പ്രഭ, അസി. ഡയറക്ടര്‍ ആന്റണി റോസ്, കൃഷി ഓഫീസര്‍ സി.എല്‍.മിനി, കാര്‍ഷിക കര്‍മസേന കോഓര്‍ഡിനേറ്റര്‍ കെ.ജി. ബിനുലാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post