തിരുവനന്തപുരം: സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സഹായകമായ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് വാണിജ്യവ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് പോലീസ് ആവശ്യമായ സഹകരണം നല്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സംസ്ഥാനത്ത് നിരവധി സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ സുരക്ഷാക്യാമറകള്‍ സ്ഥാപിക്കാന്‍ പോലീസിന്റെ സഹകരണം അഭ്യര്‍ഥിച്ചിട്ടുള്ള സാഹചര്യത്തിലാണ് ഈ തീരുമാനം.
ഒട്ടേറെ സ്ഥാപനങ്ങള്‍ ഉള്ളിലും പരിസരങ്ങളിലും നിരീക്ഷണക്യാമറകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ഇവ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വളരെയധികം സഹായകരമാണെന്ന് കണ്ടതിനാല്‍ കഴിയുന്നത്ര മറ്റു സ്ഥാപനങ്ങളും ക്യാമറകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് വ്യാപാരിവ്യവസായികളും പോലീസുമായി സഹകരിച്ച് ഏതാനും ജംഗ്ഷനുകളില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ക്യാമറകളില്‍ റെക്കോര്‍ഡ് ചെയ്തിട്ടുള്ള ദൃശ്യങ്ങള്‍ പല കുറ്റകൃത്യങ്ങളും തെളിയിക്കുന്നതിന് സഹായകമായി. കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനും തുടര്‍ന്ന് അവയെ പോലീസിന്റെ നിരീക്ഷണ സംവിധാനങ്ങളുമായി ബന്ധപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കും.
ക്യാമറ സ്ഥാപിക്കുന്നതിനുള്ള ഉചിതമായ സ്ഥലം കണ്ടെത്തുക, ക്യാമറകളുടെ ദിശ നിര്‍ണ്ണയിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ക്ക് വേണ്ട സഹായവും നിര്‍ദ്ദേശങ്ങളും നല്‍കണമെന്ന് ജില്ലാ പോലീസ് മേധാവിമാരോടും ബന്ധപ്പെട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരോടും സബ് ഇന്‍സ്‌പെക്ടര്‍മാരോടും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു
Discussion about this post