* ശബരിമലയിലെ കുടിവെളളക്ഷാമത്തിന് പരിഹാരം
തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡലമകരവിളക്ക് കാലത്ത് ദര്‍ശനത്തിനെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തന്‍മാര്‍ക്ക് സുലഭമായി കുടിവെളളം ലഭ്യമാക്കാന്‍ കുന്നാര്‍ ഡാമിന്റെ സംഭരണശേഷി വര്‍ദ്ധിപ്പിക്കണമെന്ന ദീര്‍ഘകാലത്തെ സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു.
കേന്ദ്ര വനം വന്യജീവി സംരക്ഷണ ബോര്‍ഡാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. സന്നിധാനത്തുനിന്ന് ഏഴ്കിലോമീറ്റര്‍ ദൂരെയുളള കുന്നാര്‍ ഡാമില്‍ നിന്നും ലഭിക്കുന്ന വെളളം ഉള്‍പ്പെടെ നിലവില്‍ ഏഴ് ദശലക്ഷം ലിറ്റര്‍ വെളളം മാത്രമാണ് ഇപ്പോള്‍ സന്നിധാനത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും കുറഞ്ഞത് ഒമ്പതര ദശലക്ഷം ലിറ്റര്‍ വെളളമെങ്കിലും സന്നിധാനത്തെ ആവശ്യത്തിന് വേണമെന്നാണ് മാസ്റ്റര്‍ പ്ലാന്‍ കണക്കുകള്‍ പറയുന്നത്. ഈ പ്രത്യേക സാഹചര്യത്തിലാണ് കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടണമെന്നാവശ്യവുമായി കേന്ദ്ര വനംവന്യജീവി മന്ത്രാലയത്തെ സമീപിച്ചത്.
ഏറെക്കാലമായുളള ഈ ആവശ്യം ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഡാമിന്റെ ഉയരം രണ്ടര മീറ്റര്‍ കൂട്ടുന്നതോടെ സംഭരണശേഷി എഴുന്നൂറ് ക്യുബിക് മീറ്ററില്‍ നിന്നും 2000 ക്യുബിക് മീറ്ററായി ഉയരുന്നതും ശുദ്ധജല ദൗര്‍ലഭ്യത്തിന് പരിഹാരമാവുന്നതുമാണ്. ഉയരം കൂട്ടുന്നതോടൊപ്പം നിലവിലെ ജീര്‍ണിച്ച പൈപ്പുലൈനുകള്‍ക്ക് പകരം പുതിയ ലൈന്‍ ഇടുന്നതിനും ലക്ഷ്യമിട്ടിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പിവെളളം നിരോധിച്ച സാഹചര്യത്തില്‍ സന്നിധാനത്ത് ആവശ്യാനുസരണം കുടിവെളളം എത്തിയ്ക്കുന്നതിന് ഈ പദ്ധതിമൂലം കഴിയും.
കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ 39ാംമത് യോഗത്തിലാണ് ഈ തീരുമാനം കൈകൊണ്ടത്. യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍, വനം വന്യജീവി വകുപ്പിനെ പ്രതിനിധീകരിച്ച് ഫീല്‍ഡ ഡയറക്ടര്‍ അമിത് മല്ലിക്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിനിധീകരിച്ച് ചീഫ് എഞ്ചിനീയര്‍ (ജനറല്‍) ജി.മുരളീധരന്‍, ശബരിമല മാസ്റ്റര്‍ പ്ലാന്‍ കണ്‍സള്‍ട്ടന്റ് ജി.മഹേഷ് എന്നിവര്‍ പങ്കെടുത്തു.
Discussion about this post