ചവറ: അനാചാരങ്ങള്‍ നിലനിന്നിരുന്ന കാലഘട്ടത്തില്‍ യുഗപരിവര്‍ത്തനം വരുത്താനായി ഈശ്വരന്‍ നിയോഗിച്ച മഹനായിരുന്നു വിദ്യാധിരാജ ചട്ടമ്പി സ്വാമികളെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. പന്മന ആശ്രമത്തില്‍ സംഘടിപ്പിച്ച ജീവകാരുണ്യ ദിനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിദ്ധി ആഗ്രഹിക്കാത്ത ചട്ടമ്പിസ്വാമിയുടെ ജീവിതം ഇന്നത്തെ പൊതുപ്രവര്‍ത്തകര്‍ മാതൃകയാക്കണമെന്നും സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ ആദ്യം അറിവ് നേടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജാതീയതയ്‌ക്കെതിരെ പ്രതികരിച്ച സ്വാമി തിരുവടികള്‍ പ്രകൃതിയിലെ ജീവജാലങ്ങള്‍ക്ക് വേണ്ടിയും നിലകൊണ്ടു. മനുഷ്യനെപോലെ എല്ലാ ജീവജാലങ്ങള്‍ക്കും ഈ പ്രപഞ്ചത്തില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്ന് വിശ്വസിച്ച ആചാര്യനായിരുന്നു സ്വാമികള്‍. ജീവജാലങ്ങളോടൊപ്പം ആഹാരം കഴിച്ച ചട്ടമ്പി സ്വാമികള്‍ കാണിച്ചു തന്നത് ഈശ്വരന്റെ അംശം എല്ലാ ജീവജാലങ്ങളിലും ഉണ്ടെന്ന സന്ദേശമായി രുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്‍കെ. പ്രേമചന്ദ്രന്‍ എംപി അധ്യക്ഷത വഹിച്ചു.
ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ അഷ്ടമുടി ജി.വേണുനാഥ്, വിരമിച്ച ഐ എഎസ്.ഉദ്യോഗസ്ഥന്‍ നന്ദകുമാര്‍, എഴുമറ്റൂര്‍ തീര്‍ഥപാദാശ്രമം സ്വാമി കൃഷ്ണാനന്ദ തീര്‍ഥപാദര്‍, പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദതീര്‍ഥപാദര്‍, കണ്‍വീനര്‍ ശ്രീരംഗം രാധാകൃഷ്ണപിളള എന്നിവര്‍ സംസാരിച്ചു. ജയന്തി ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രബന്ധ രചനാ മത്സരത്തില്‍ വിജയികളായവരെ ചടങ്ങില്‍ അനുമോദിച്ചു.
Discussion about this post