തിരുവനന്തപുരം: സേവനം തേടിയെത്തുന്ന രോഗികളോട് വിവേചനമില്ലാതെ സ്‌നേഹത്തോടെയും വിശ്വാസത്തോടെയും പെരുമാറുന്നത് വൈദ്യശാസ്ത്ര ധാര്‍മികതയുടെ ആദ്യപാഠമാവണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ്. അറുപതാം ബാച്ചിന്റെ ബിരുദദാനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ തന്നെ മികച്ച നിലവാരമുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലൊന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. വിവിധ വിഭാഗങ്ങളിലെ പ്രതിഭാധനരായ അധ്യാപകരാണ് ഇവിടത്തെ അധ്യാപകര്‍. ഇവിടെ വിദ്യാഭ്യാസം ചെയ്യാനും വിജയിച്ച് ഡോക്ടറാവാനും സാധിച്ച എല്ലാവരും അതീവ ഭാഗ്യവാന്മാരാണ്. ആയിരക്കണക്കിനു രോഗികളാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഓരോ ദിവസവും എത്തുന്നതെന്നും ഓരോരുത്തരുടെയും ജീവനെ സുരക്ഷിതമാക്കി തിരിച്ചുകൊടുക്കുന്ന ദൈവികമായ ജോലിയാണ് ഡോക്ടര്‍മാര്‍ നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുറ്റിങ്ങല്‍ വെടിക്കെട്ടപകടം പോലുള്ള ഭീകരമായ അപകടങ്ങളില്‍പ്പെട്ട് മരണത്തോട് മല്ലിട്ട ധാരാളം പേരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനായത് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെയും പാരാ മെഡിക്കല്‍ സ്റ്റാഫിന്റെയും സഹാനുഭൂതി നിറഞ്ഞ പ്രവര്‍ത്തനത്തിലൂടെയാണെന്ന് ഗവര്‍ണര്‍ അനുസ്മരിച്ചു. ഔദ്യോഗിക ജീവിതത്തിലുടനീളം വൈദ്യശാസ്ത്ര ധാര്‍മികത പാലിക്കാന്‍ ഓരോ ഡോക്ടറും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. വാഹനാപകടത്തില്‍പ്പെട്ടവര്‍ക്കും ബലാത്ക്കാരത്തിനു വിധേയരായവര്‍ക്കും ഒരുകാരണവശാലും വൈദ്യസഹായം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാവരുതെന്നും അവര്‍ക്ക് നിയമസഹായം ലഭിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനും ഡോക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജിലെ 2010 എം.ബി.ബി.എസ്. ബാച്ചിലെ വിജയികളായ ഇരുനൂറു വിദ്യാര്‍ത്ഥികള്‍ക്കാണ് ഗവര്‍ണര്‍ ബിരുദം സമ്മാനിച്ചത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍, ഡോ. കെ.വി. വിശ്വനാഥന്‍, ഡോ. ഷര്‍മാദ് എം.എസ്., ഡോ. നബീല്‍, വകുപ്പ് തലവന്മാര്‍, പ്രൊഫസര്‍മാര്‍, വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post