തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് ‘ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് തടയുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സംഘടിപ്പിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജ അറിയിച്ചു.
ഇതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി ഏകദേശം 200 ഓളം പച്ചക്കറി സാമ്പിളുകള്‍ ശേഖരിച്ച് കൃഷിവകുപ്പിന്റെ സെയിഫ് ടു ഈറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക സര്‍വകലാശാലയുടെ പെസ്റ്റിസൈഡ് റെസിഡ്യു ടെസ്റ്റിംഗ് ലാബില്‍ തീവ്ര പരിശോധന നടത്തി വരികയാണ്. പരിശോധന ഫലം കിട്ടിയ ഉടന്‍ ആരോഗ്യ വകുപ്പ് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ മാസം മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി തുടങ്ങിയ കറിപ്പൊടികളും ലാബില്‍ പരിശോധിച്ചു. ഏകദേശം 96 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 25 സാമ്പിളുകളില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തി. പല കീടനാശിനികളുടെയും പരമാവധി അളവ് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടില്ല. അതിനാല്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ തടസമുണ്ട്. ഇക്കാര്യം അതോറിറ്റിയെയും, കേന്ദ്ര ഗവണ്‍മെന്റിനെയും കത്ത് മുഖേന അറിയിക്കും. ഓണക്കാലത്ത് സംസ്ഥാനമൊട്ടാകെ 17 സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് എല്ലാ വിധ നിത്യോപയോഗ ‘ഭക്ഷ്യ വസ്തുക്കളും ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും. സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 11 വരെ നടക്കും.
ഇന്ത്യയിലാദ്യമായി സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറി സെപ്തംബര്‍ ഒന്‍പതിന് ആരോഗ്യവകുപ്പു മന്ത്രി ഉദ്ഘാടനം ചെയ്യും. ഈ ലാബിന്റെ സഹായത്തോടെ പാല്‍ തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധിച്ച് ഗുണ നിലവാരമില്ലെന്ന് ബോധ്യപ്പെട്ടാല്‍ ചെക്ക്‌പോസ്റ്റ് വഴി ഇത്തരം ‘ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൊണ്ടുവരുന്നത് നിയന്ത്രിക്കും. ഈ സാമ്പത്തിക വര്‍ഷം തന്നെ എറണാകുളം കേന്ദ്രീകരിച്ച് പുതിയൊരു സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബും ആരംഭിക്കും. ഓണം, ബക്രീദ് ആഘോഷകാലത്ത് ഹോട്ടല്‍, റസ്റ്റോറന്റ്, ക്യാന്റീനുകള്‍ എന്നിവ വഴി വിതരണം ചെയ്യുന്ന പാചകം ചെയ്ത ‘ഭക്ഷണ പദാര്‍ത്ഥങ്ങളെയും, അസംസ്‌കൃത പദാര്‍ത്ഥങ്ങളെയും കുറിച്ച് പരാതിയുള്ളവര്‍ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പരില്‍ വിളിച്ചറിയിക്കണമെന്നും മന്ത്രി അറിയിച്ചു.
Discussion about this post